സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; ആശങ്കയില്‍ ആലപ്പുഴ
Top News

സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; ആശങ്കയില്‍ ആലപ്പുഴ

ജില്ലയിലെ തീരദേശ മേഖലയില്‍ ഉള്‍പ്പെടെ സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആശങ്കയില്‍ ആലപ്പുഴ ജില്ല.

By News Desk

Published on :

ആലപ്പുഴ: ജില്ലയിലെ തീരദേശ മേഖലയില്‍ ഉള്‍പ്പെടെ സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആശങ്കയില്‍ ആലപ്പുഴ ജില്ല. നൂറനാട് ഐടിബിപി ക്യാമ്പ് ഉള്‍പ്പെടെയുള്ള ക്ലസ്റ്ററുകളിലെ സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. സമ്പൂര്‍ണ്ണ ലോക്ക് ഡൗണുള്ള ചേര്‍ത്തല താലൂക്കിലെ സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണ്.

ആലപ്പുഴ ജില്ലയില്‍ കോവിഡ് രോഗ ബാധ സ്ഥിരീകരിക്കുന്നവരില്‍ പത്തില്‍ എട്ടുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിക്കുന്നത്. ഉള്‍നാടന്‍ മത്സ്യമേഖലയായ പള്ളിത്തോട്, എഴുപുന്ന, തുറവൂര്‍, എരമല്ലൂര്‍, അരൂക്കുറ്റി തുടങ്ങി ചേര്‍ത്തല താലൂക്കിലെ മിക്ക ഇടങ്ങളിലും രോഗ വ്യാപന ആശങ്ക കൂടിവരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കം പ്രഖ്യാപിച്ചിട്ടും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. രോഗവ്യാപനത്തിന്റെ ആശങ്കയുള്ള കായംകുളത്തും സമ്പര്‍ക്ക രോഗികള്‍ കൂടിവരുന്നു. നൂറനാട് ഐടിബിപി ക്യാമ്പില്‍ ഇതുവരെ 155 ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് പേര്‍ രോഗമുക്തി നേടി.

നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥരില്‍ രണ്ടാംഘട്ട പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കും. ജനസാന്ദ്രത കൂടതലുള്ള നഗരസഭാ പരിധിയില്‍ സമ്പര്‍ക്ക രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളാക്കി. 745 പേരാണ് ജില്ലയില്‍ കോവിഡ് രോഗം ബാധിച്ച് ചികിത്സിലുള്ളത്.

Anweshanam
www.anweshanam.com