ആശങ്ക തുടരുന്നു; രാജ്യത്ത് 3,46,786 പേര്‍ക്ക് കൂടി കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
ആശങ്ക തുടരുന്നു; രാജ്യത്ത് 3,46,786 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളില്‍ കോവിഡ്ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481 ആയി ഉയര്‍ന്നു.

അതേസമയം, ഇന്നലെ മാത്രം 2,19,838 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഇതുവരെ 1,38,67,997 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 25,52,940 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം കോവിഡിനെ തുടര്‍ന്ന് 2,624 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,89,544 ആയി. അതേസമയം, രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ 13,83,79,832 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. ഡല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 20 പേര്‍ ഇന്നലെ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അരമണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്സിജന്‍ മാത്രമേ ആശുപത്രിയില്‍ സ്റ്റോക്കുള്ളുവെന്നും 200 പേര്‍ ഗുരുതരാവസ്ഥയില്‍ ആണെന്നും അധികൃതര്‍ വ്യക്തമാക്കി. 190 പേരാണ് ഓക്സിജന്റെ സഹായത്തോടെ ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ കഴിയുന്നത്. ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു. ഇന്നലെ 25 കോവിഡ് രോഗികളാണ് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com