കോവിഡ്: കേന്ദ്രസംഘം നാളെ കേരളത്തില്‍; നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ കത്ത്

നാളെ കോട്ടയത്തും മറ്റന്നാള്‍ ആലപ്പുഴയിലുമായിരിക്കും കേന്ദ്ര സംഘമെത്തുക
കോവിഡ്: കേന്ദ്രസംഘം നാളെ കേരളത്തില്‍; നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ കത്ത്

ന്യൂഡല്‍ഹി : കേരളത്തിലെ കോവിഡ് സാഹചര്യം പഠിക്കാന്‍ കേന്ദ്രസംഘം നാളെ കേരളത്തിലെത്തും. സംസ്ഥാനത്തെത്തുന്ന വിദഗദ്ധ സംഘം രണ്ട് ജില്ലകളില്‍ സന്ദര്‍ശനം നടത്തും. നാളെ കോട്ടയത്തും മറ്റന്നാള്‍ ആലപ്പുഴയിലുമായിരിക്കും കേന്ദ്ര സംഘമെത്തുക. തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തും.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്ര, കേരളം, ഛത്തീസ്‌ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചത്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് വാക്സീന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. കൊവിഡ് വാക്സിന്‍ രാജ്യത്തെ നാല്പതിലധികം സംഭരണശാലകളിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി കഴിഞ്ഞു. വ്യോമസേന വിമാനങ്ങളും വാക്സീന്‍ വിതരണത്തിന് ഉപയോഗിക്കും. വിതരണത്തിന് സജ്ജമാകാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ 700ലധികം ജില്ലകളില്‍ ഡ്രൈറണ്‍ നടക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്.

ഒരു തടസ്സവുമില്ലാതെ രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും വാക്സിൻ എത്തിക്കാനാണ് ശ്രമമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ പറ‌ഞ്ഞു. ലഡാക്ക്, നാഗാലാൻഡ് തുടങ്ങിയ ഇടങ്ങളിലും സംഭരണശാലകൾ അടുത്തയാഴ്ച തയ്യാറാകും. നാളെ നടക്കുന്ന ഡ്രൈ റണ്ണിൽ കൊവിൻ ആപ്പ് ഉൾപ്പടെയുള്ള സൗകര്യങ്ങളുടെ ക്ഷമത പരിശോധിക്കും.

കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നേരത്തെ എടുത്തുപറഞ്ഞിരുന്നു. വിവിധ വാക്‌സിനുകള്‍ രാജ്യത്തുണ്ടെങ്കിലും കോവിഡ് വ്യാപനത്തിന് എതിരായ പോരാട്ടം വെല്ലുവിളി നിറഞ്ഞതാണെന്ന് വ്യക്തമാക്കുന്നതാണ് മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥിതിവിശേഷമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

52,000 സജീവ കേസുകളുള്ള മഹാരാഷ്ട്രയാണ് രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ മുന്നില്‍നിന്നിരുന്നത്. 50,000 മരണങ്ങള്‍ മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ സജീവ കേസുകളുടെ എണ്ണം 65,000 ആയി കുതിച്ചുയര്‍ന്നിട്ടുണ്ട്. ഛത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും 9000ത്തോളം സജീവ കേസുകളാണ് നിലവിലുള്ളത്. പശ്ചിമ ബംഗാളില്‍ 10,000 പേരും ഛത്തീസ്ഗഢില്‍ 3500 പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

കേരളത്തില്‍ 5000ത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ 3700 ഓളവും ഛത്തീസ്ഗഢില്‍ ആയിരത്തോളവും ബംഗാളില്‍ 900ത്തോളവും പുതിയ കേസുകള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. കേരളത്തില്‍ യു.കെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഇതുവരെ ആറുപേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com