കോവിഡ് കേസുകളിൽ വൻ വർധന; ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന നിരക്ക്

കോവിഡ് കേസുകളിൽ വൻ വർധന; ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന നിരക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ 72,330 പുതി‍യ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണ് ഇന്നലെയുണ്ടായത്. 459 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,62,927 ആയി ഉയർന്നു.

കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ആശങ്ക ഉയർത്തുന്ന വിധം വർധിക്കുകയാണ്. രാജ്യത്ത് 40,382 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിൽ 5,84,055 പേരാണ് ചികിത്സയിൽ തുടരുന്നത്.

കോവിഡ് രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 39,544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഛത്തീസ്ഗഡിൽ 4563 പേർക്കും കർണാടകയിൽ 4000 പേർക്കും രോഗം സ്ഥിരീകരിച്ചു. 243 പേരാണ് ഇന്നലെ മഹാരാഷ്ട്ര‍യിൽ മാത്രം മരിച്ചത്.

അതേസമയം, രാജ്യത്ത്​ മൂന്നാംഘട്ട കോവിഡ്​ പ്രതിരോധ വാക്​സിൻ വിതരണത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ്​ വാക്​സിൻ വിതരണം അടുത്ത ഘട്ടത്തിലേക്ക്​ കടക്കുന്നത്​.

മൂന്നാം ഘട്ടത്തിൽ 45 വയസിന്​ മുകളിലുള്ളവർക്കാണ്​ വാക്​സിൻ ഉറപ്പാക്കുക. ജനുവരി 16നാണ്​ രാജ്യത്ത്​ ആദ്യഘട്ട കോവിഡ്​ വാക്​സിൻ വിതരണം ആരംഭിച്ചത്​. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമാണ്​ കോവിഡ്​ വാക്​സിൻ ലഭ്യമാക്കിയത്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com