സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു, നാളെ മുതല്‍ കർശന പോലീസ് പരിശോധന

ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു, നാളെ മുതല്‍ കർശന പോലീസ് പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം.

മാസ്ക് - സാമൂഹിക അകലം ഉറപ്പാക്കാൻ നിർദ്ദേശം നൽകി. നാളെ മുതൽ പൊലീസ് പരിശോധന കർശനമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാർക്കും കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷൻ വർധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കാനും കൊവിഡ് കോർ- കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ നല്ല സാധ്യതയുണ്ട്. ഇതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്.

ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപമാക്കാനും കൂടുതല്‍ പേർക്ക് വാക്‌സിനേഷന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവര്‍ക്ക് നിലവില്‍ ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാണ്. അതിനിയും തുടരും.

കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നു കളക്ടർ അഭ്യർഥിച്ചു.

കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണു തീരുമാനങ്ങൾ. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവർ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണമെന്നും കളക്ടർ നിർദ്ദേശിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com