
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായുള്ള രണ്ടാമത്തെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവന്‍ ജില്ലകളിലാണ് ട്രയല്‍ റണ്‍ നടക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്റെ നേതൃത്വത്തിൽ നാളെ ദില്ലിയിൽ ഉന്നതതലയോഗം ചേരും.
ജനുവരി രണ്ടിനാണ് കേരളം അടക്കം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആദ്യത്തെ ട്രയല്‍ റണ്‍ നടന്നത്. നേരത്തെ, പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എട്ടു ജില്ലകളില്‍ നടത്തിയ റിഹേഴ്സല്‍ വിജയകരമായിരുന്നു.
കേരളത്തില്‍ തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ട്രയല്‍ റണ്‍ നടന്നത്.
വാക്സിന് നല്‍കുന്നതിനുള്ള മുന്‍ഗണന പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നേരത്തേ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. മുൻഗണന പട്ടികയിലെ ഒരു കോടി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മൂന്ന് കോടി വരുന്ന കൊവിഡ് മുന്നണി പോരാളികൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ സൗജന്യമായിട്ടാണ് നൽകുക. ആദ്യഘട്ടത്തിലെ ബാക്കി 27 കോടിപ്പേർക്ക് സൗജന്യമായി നൽകണോ അതോ പണം ഈടാക്കി വാക്സീൻ നൽകണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.
ഹരിയാനയിലെ കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ സംഭരണശാലകളിലാണ് ആദ്യം വാക്സീൻ എത്തുക. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ 37 വാക്സിൻ ഡിപ്പോകളിലേക്ക് എത്തിക്കും. ഇവിടെ നിന്നാകും ജില്ലാ, ബ്ലോക്ക് തലത്തിലേക്കും മരുന്ന് എത്തിക്കുക. ആദ്യം വാക്സീൻ ലഭിക്കുന്ന കൊവിഡ് മുന്നണിപ്പോരാളികൾ ഉൾപ്പെടെയുള്ളവർ രജിസ്ട്രേഷനായി കോ വിൻ ആപ്പിൽ വീണ്ടും പേര് നൽകേണ്ടതില്ല. ഇവരുടെ പേരുകൾ മുൻഗണനക്രമപ്രകാരം സർക്കാർ നേരത്തേ തന്നെ റജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഇവർക്ക് ശേഷമുള്ളവരാകും ആപ്പിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടി വരികയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
അതേസമയം, കോവിഡിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം മറ്റന്നാള്‍ കേരളത്തില്‍ എത്തുന്നു. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ.എസ്.കെ.സിംഗിന്റെ നേത്വത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുന്നത്.