എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കും; പണം ആ സമയത്ത് വരും: മുഖ്യമന്ത്രി

ഒരു കോടി വാക്‌സിന്‍ വിലകൊടുത്ത് വാങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്
എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കും; പണം ആ സമയത്ത് വരും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 3 മാസത്തേക്ക് ഒരു കോടി ഡോസ് വാക്സിൻ വാങ്ങും. സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ മുറയ്ക്കുതന്നെ ചെയ്യും‍. അതിനുള്ള പണം എവിടെ എന്ന് ചോദിച്ചാല്‍ ആ സമയത്ത് പണം വരും എന്നാണ് മറുപടിയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു കോടി വാക്‌സിന്‍ വാങ്ങുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 500 കോടിയോളം രൂപ അതിനായി ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ചോദ്യം. ഒരു കോടി വാക്‌സിന്‍ വിലകൊടുത്ത് വാങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കും. 70 ലക്ഷം ഡോസ് കോവിഷീല്ൽഡ് വാക്‌സിന്‍ 294 കോടി രൂപയ്ക്കും ഭാരത് ബയോടെകില്‍ നിന്ന് 30 ലക്ഷം ഡോസ് കോവാക്‌സിന്‍ 189 കോടി രൂപയ്ക്കും വാങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. മതിയായ വാക്സിൻ സംസ്ഥാനത്ത് ഇല്ല. ആഗ്രഹിക്കുന്നതു പോലെ വാക്സിൻ ലഭിക്കുന്നില്ല. രണ്ടാം ഡോസ് എടുക്കേണ്ടവർക്ക് അത് നൽകുന്നത് പ്രധാനമാണ്. കേന്ദ്രം വാക്സിൻ നയം തിരുത്തണം.

കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് ഒരു വിലയും സംസ്ഥാനത്തിന് ഒരു വിലയും എന്ന് പറയുന്നത് ശരിയല്ല. സര്‍ക്കാരുകളെല്ലാം ഒരേ തരത്തിലല്ലേ ? കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരേ വിലയ്ക്ക് വാക്‌സിന്‍ നല്‍കണം. സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതിനുള്ള വില നിശ്ചയിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര നിലപാടിനായി കാത്തിരിക്കുകയാണ്. കോടതിവിധിയും വരാനുണ്ട്.

150 രൂപയ്ക്ക് കേന്ദ്ര സര്‍ക്കാരിന് വാക്‌സിന്‍ നല്‍കുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് 400 രൂപയ്ക്കാണ്. ഇത്തരത്തിലുള്ള വ്യത്യാസം പാടില്ല. വില ഏകീകൃതം ആയിരിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം.

കേന്ദ്ര നയം അനുസരിച്ച് 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ വാങ്ങി നല്‍കണം. ഇതിനുള്ള ശ്രമം തുടങ്ങുകയും ഓര്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അത് കിട്ടുന്ന മുറയ്ക്ക് വിതരണം നടത്തും. സര്‍ക്കാര്‍ വാക്‌സിന്‍ നേരിട്ട് വാങ്ങുമ്പോഴും സാധാരണ നിലയിലുള്ള രജിസ്‌ട്രേഷന്‍ നടപടികളാവും ഉണ്ടാവുക എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com