ലോക്ക്ഡൗണിന്‍റെ ആവശ്യമില്ല, കോവിഡിനെ നേരിടാന്‍ രാജ്യം സജ്ജം: പ്രധാനമന്ത്രി

ലോക്ഡൗണ്‍ അവസാന ആയുധമാണെന്നും മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു
ലോക്ക്ഡൗണിന്‍റെ ആവശ്യമില്ല, കോവിഡിനെ നേരിടാന്‍ രാജ്യം സജ്ജം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്‍റെ രണ്ടാം തരംഗം കൊടുങ്കാറ്റായി രാജ്യത്ത് വീശുകയാണെന്നും അടിയന്തര സാഹചര്യം നേരിടാൻ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ലോക്ഡൗണ്‍ അവസാന ആയുധമാണെന്നും മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് കോവിഡിനെ മറികടക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യമേഖലയും ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഒക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചില നഗരങ്ങളില്‍ കോവിഡിനു വേണ്ടി മാത്രമുള്ള വലിയ ആശുപത്രികള്‍ നിര്‍മിച്ചു കഴിഞ്ഞു. രണ്ട് മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു. ഇതുവരെ 12 കോടിയിലധികം ഡോസ് കോവിഡ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു.

മെയ് 1 മുതൽ 18 വയസ്സ് കഴിഞ്ഞവർക്ക് വാക്സിൻ നൽകും. രാജ്യത്ത് വാക്സിൻ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു. വാക്സിൻ അനുമതി നടപടികൾ വേഗത്തിലാക്കി. കൊവിഡ് വാക്സിൻ്റെ ഉത്പാദനം വർധിപ്പിക്കും. മരുന്നുകമ്പനികളുടെ സഹായമുണ്ട്. സൈനികർക്ക് ഉടൻ വാക്സിൻ ലഭ്യമാക്കും. 12 കോടി പേർ ഇതുവരെ വാക്സിൻ എടുത്തു. ജനങ്ങൾ എവിടെയാണോ അവിടെ തുടരുക.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നിൽക്കണം. ലോകത്ത് ഫലപ്രദമായ വാക്സിനാണ് ഇന്ത്യയുടേത്. പ്രതിസന്ധി സമ്പദ് വ്യവസ്ഥയെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com