ആംബുലൻസ് പീഡനം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
Top News

ആംബുലൻസ് പീഡനം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ അപലപിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടി കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഈ വിഷയത്തിൽ എന്ത് കൊണ്ടാണ് വീഴ്ചയുണ്ടായതെന്ന് വിശദമായി അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഏജൻസിയോട് അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. കർശനമായ ശിക്ഷ കിട്ടുന്ന തരത്തിൽ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ ആംബുലൻസിൽ രോഗി ഒറ്റയ്ക്കായി പോകുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ ഒരു സംഭവം കൊണ്ട് ആംബുലൻസ് ഡ്രൈവർമാരെല്ലാം ഇത് പോലെയാണെന്ന് വിചാരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ഏറെ ത്യാഗം സഹിച്ച് സേവനം ചെയ്യുന്ന ആംബുലൻസ് ഡ‍്രൈവർമാരെ ഈ സംഭവം കാരണം തെറ്റിദ്ധരിക്കരുതെന്ന് മന്ത്രി പറഞ്ഞു.

അതെസമയം, യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ വ്യക്തമാക്കി. 'ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്നും പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്.'-കെജി സൈമണ്‍ പ്രതികരിച്ചു.

Anweshanam
www.anweshanam.com