കോവിഡ് ഇന്ത്യയുടെ ലക്ഷ്യങ്ങളെ ബാധിച്ചിട്ടില്ല: പ്രധാനമന്ത്രി
Top News

കോവിഡ് ഇന്ത്യയുടെ ലക്ഷ്യങ്ങളെ ബാധിച്ചിട്ടില്ല: പ്രധാനമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം മുന്‍പന്തിയിലാണെന്നും ഇന്ത്യ കോവിഡ് വാക്സിന് വേണ്ടിയുള്ള ഗവേഷണത്തില്‍ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു

News Desk

News Desk

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഇന്ത്യയുടെ ലക്ഷ്യങ്ങളെയും ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം മുന്‍പന്തിയിലാണെന്നും ഇന്ത്യ കോവിഡ് വാക്സിന് വേണ്ടിയുള്ള ഗവേഷണത്തില്‍ ഏറെ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് -ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ടണര്‍ഷിപ്പ് ഫോറത്തിന്റെ മൂന്നാമത് വാര്‍ഷിക നേതൃത്വസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ് 19 പലകാര്യങ്ങളെയും ബാധിച്ചുവെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിവാഞ്ഛയെയും ലക്ഷ്യങ്ങളേയും ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സമീപമാസങ്ങളിലായി വ്യാപകമായ പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ബിസിനസ്സ് നടത്തുന്നത് കൂടുതല്‍ എളുപ്പമാക്കുകയും മാമൂല്‍ സമ്പ്രദായങ്ങളെ കുറച്ചുകൊണ്ടുവരികയും ചെയ്യും.

130 കോടി ജനങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാനുളള ദൗത്യം ആരംഭിച്ചിരിക്കുകയാണ്. പ്രാദേശികതയെയും ആഗോളതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആത്മനിര്‍ഭര്‍ ഭാരത്. ലോകത്തിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതുറപ്പാക്കുന്നു, മോദി പറഞ്ഞു.

കോവിഡ് നമ്മുടെ പോരാട്ടവീര്യത്തേയും പൊതുജനാരോഗ്യ സംവിധാനത്തേയും സാമ്പത്തികവ്യവസ്ഥയേയും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2020 തുടങ്ങിയപ്പോള്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് ആരും ചിന്തിച്ചുപോലുമില്ല. മനുഷ്യകേന്ദ്രിതമായ വികസനം സംബന്ധിച്ച പുതിയ മനോനിലയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് ഏറ്റവും കുറവാണെന്നും ഇത് ലോകത്തില്‍ ഏറ്റവും കുറഞ്ഞ ദശലക്ഷത്തില്‍ ഒന്നുമാത്രമാണെന്നും മോദി ചൂണ്ടിക്കാണിച്ചു. ജനുവരിയില്‍ ഒരു കോവിഡ് പരിശോധന ലാബ് മാത്രമുണ്ടായിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ 1600 കൊവിഡ് പരിശോധനാ ലാബുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1.3 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയില്‍ കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ലോകത്തില്‍ ഏറ്റവും കുറഞ്ഞ കൊവിഡ് മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നതും ശ്രദ്ധേയായ കാര്യമാണെന്നും മോദി ഉച്ചകോടിയില്‍ പറഞ്ഞു.

Anweshanam
www.anweshanam.com