സംസ്ഥാനത്ത് 27 ദിവസത്തിനിടെ 99,999 പുതിയ കോവിഡ് രോഗികൾ

സംസ്ഥാനത്ത് 27 ദിവസത്തിനിടെ 99,999 പുതിയ കോവിഡ് രോഗികൾ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കേരളം രാജ്യത്ത് മൂന്നാമതെത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് രോഗികളുണ്ടായത് ആശങ്ക വര്‍ധിപ്പിക്കുന്നു. പ്രതിദിന രോഗവർധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളം രാജ്യത്ത് മൂന്നാമതെത്തി. പരിശോധനകൾ കുത്തനെ കൂട്ടണമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

സെപ്തംബർ മാസത്തിൽ മാത്രം, 27 ദിവസം പിന്നിട്ടപ്പഴേക്കും 99,999 രോഗികൾ. ഒരു ലക്ഷമാകാൻ ഒരാളുടെ കുറവ്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത് 1,75,384 പേർക്കാണ്. 389 മരണങ്ങൾ. മൊത്തം മരണങ്ങളുടെ ഇരട്ടിയിലധികവും സെപ്തംബറിലെ ഈ 27 ദിവസങ്ങൾക്കുള്ളിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോ ദിവസവുമെന്ന കണക്കിൽ മാറുകയാണ്.

100 പരിശോധനകളിൽ 13.87 രോഗികൾ എന്നതാണ് ഇന്നലത്തെ നിരക്ക്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കിൽ 11.57 ശതമാനം. ഇതിൽ കേരളത്തിന് മുകളിലുള്ളത് കർണാടകയും മഹാരാഷ്ട്രയും. 22.5 ആണ് മഹാരാഷ്ട്രയുടെ കഴിഞ്ഞയാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് 15.96 ആണെന്നിരിക്കെ സംസ്ഥാനത്ത് 32.34 ആണ്. അതായത് രോഗം സ്ഥിരീകരിച്ചവരിൽ 32 ശതമാനം പേർ ഇപ്പോൾ രോഗികൾ.

കർശനമായ ചികിത്സാ ഡിസ്ചാർജ് പ്രോട്ടോക്കോൾ ഉള്ളതിനാൽ രോഗമുക്തി നിരക്കും പതുക്കെയാണ് ഉയരുന്നത്. ദേശീയതലത്തിൽ 82 ശതമാനമാണ് രോഗമുക്തി നിരക്ക്. കേരളത്തില്‍ 67 ശതമാനം. രോഗികളുടെ എണ്ണം പരിധി വിട്ടാൽ സംസ്ഥാനം ഡിസ്ചാർജ് പ്രോട്ടോക്കോൾ പുനപരിശോധിച്ചേക്കും.

Last updated

Anweshanam
www.anweshanam.com