രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു
Top News

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു

ഒരു ദിവസം ആയിരത്തിലധികം മരണം.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 83,882 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വ‌ർധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതർ 38, 53, 406 ആയി. 1043 മരണം കൂടി സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ മരണം 37,376 ആയി.

നിലവിൽ 8,15,538 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 29,70,492 പേർ ഇത് വരെ രോഗമുക്തി നേടി. 77.09 ശതമാനമാണ് രോഗമുക്തി നിരക്ക്.

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 17,433 പേർക്കാണ് പുതുതായി രോഗബാധ. ഒരു ദിവസത്തെ ഏറ്റവും ഉയർ‍ന്ന കണക്കാണിത്. മരണസംഖ്യ കാൽലക്ഷം പിന്നിട്ടു. 25,195 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടുലക്ഷത്തിലേറെ പേ‍ർ ചികിത്സയിലാണ്.

മുംബൈയിൽ 1600ലേറെ പേ‍ർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുണെയിൽ 1700 ലധികം പേ‍ർ‍ക്കാണ് രോഗബാധ. സംസ്ഥാനത്ത് രോഗബാധിതർ എട്ടേകാൽ ലക്ഷം കടന്നു.

ഡല്‍ഹിയില്‍ രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന വര്‍ധന 2500 കടന്നു. 2509 പേരാണ് ഇന്നലെ രോഗ ബാധിതരായത്. ഡല്‍ഹി എയിംസില്‍ രണ്ടാഴ്ചത്തേക്ക് ഒപി വഴി രോഗികളെ കിടത്തിച്ചികിത്സയ്ക്കായി പ്രവേശിപ്പിക്കില്ല. അടിയന്തര സാഹചര്യത്തിലുള്ള രോഗികള്‍ക്കായി കിടക്കകള്‍ സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.

കർണാടകത്തിൽ 9,860 പേർക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. 113 പേർ കൂടി മരിച്ചു. രോഗബാധിതരിൽ 3420 പേർ ബംഗളൂരു നഗരത്തിലാണ്. 32 പേർ ഇന്നലെ മാത്രം നഗരത്തിൽ മരിച്ചു. സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവർ 94,459 പേരാണ്. ആകെ മരണം 5950 ആയി. സംസ്ഥാനത്ത് ആകെ രോഗബാധിതർ 3,61,341ലെത്തി.

Anweshanam
www.anweshanam.com