കോവിഡ് 19; രാജ്യത്ത് 90,802 പുതിയ കേസുകള്‍ കൂടി
Top News

കോവിഡ് 19; രാജ്യത്ത് 90,802 പുതിയ കേസുകള്‍ കൂടി

ഇത് വരെ 42,04,613 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. 90,802 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വര്‍ധന 90000 കടക്കുന്നത്. ഇത് വരെ 42,04,613 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

1016 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 71,642 ആയി. നിലവിൽ 8,82,542 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും സ്ഥിതി ഗുരുതരമാണ്. 23,350 പേർക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 10,794 പേർക്കും, തമിഴ്നാട്ടിൽ 5,783 പേർക്കും ഉത്തര്‍ പ്രദേശില്‍ 6,777 പേർക്കും വൈറസ് ബാധയുണ്ടായി. ഒഡീഷയിലും റെക്കോഡ് പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത് 3810 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിഹാര്‍ 1797, ഝാര്‍ഖണ്ഡ് 1774, ജമ്മുകശ്മീര് 1316, ഗുജറാത്ത് 1,335, മധ്യപ്രദേശ് 1,694 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

ഡല്‍ഹിയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ഒറ്റ ദിവസത്തിനിടെ, വീണ്ടും 3256 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഝാർഖണ്ഡ്, ദില്ലി, പുതുച്ചേരി എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. കളക്ടർമാർ, മുനിസിപ്പൽ കമ്മീഷണർമാർ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

കോവിഡ് വ്യാപനം രൂക്ഷമായ പഞ്ചാബിലേക്കും ചണ്ഡീഗഡിലേക്കും, ആരോഗ്യ മന്ത്രാലയം കേന്ദ്രസംഘത്തെ അയച്ചു. പത്ത് ദിവസം സംഘം മേഖലയിലുണ്ടാകും. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന, കേന്ദ്രഭരണ സർക്കാരുകളെ കേന്ദ്രസംഘം സഹായിക്കും.

Anweshanam
www.anweshanam.com