ഇന്ത്യയുടെ 'കൊവാക്സിന്‍' മനുഷ്യരിൽ പരീക്ഷണം തുടങ്ങി

മൂന്നു മാസത്തിനുള്ളിൽ ഫലം അറിയാൻ കഴിയുമെന്ന് എയിംസ് ഡയറക്ടര്‍.
ഇന്ത്യയുടെ 'കൊവാക്സിന്‍' മനുഷ്യരിൽ പരീക്ഷണം തുടങ്ങി

ന്യൂ ‍ഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള കൊവാക്സിൻ മനുഷ്യരിൽ പരീ​ക്ഷണം ആരംഭിച്ചതായി ഡല്‍ഹി എയിംസ് ഡയറക്ടര്‍ രൺദീപ് ​ഗലേറിയ. മൂന്നു മാസത്തിനുള്ളിൽ ഫലം അറിയാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നാണ് കൊവാക്സിൻ.

ഈ വാക്സിൻ കുത്തി വച്ച് കഴിഞ്ഞാൻ കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടും എന്നാണ് ​ഗവേഷകരുടെ അവകാശവാദം. 18നും 55 നും ഇടയിൽ പ്രായമുള്ള 375 വോളണ്ടിയർമാരിലാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 12നും 65 നും ഇടയിൽ പ്രായമുള്ള 750 വ്യക്തികളിലാണ് പരീക്ഷണം നടത്തുക. മൂന്നാം ഘട്ടത്തിൽ വലിയൊരു വിഭാ​ഗത്തില്‍ പരീ​ക്ഷണം നടത്തും.

പുരുഷന്‍മാരും സ്ത്രീകളുമുള്‍പ്പെടെ 1800 പേരാണ് വാക്സിൻ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതിൽ 1125 പേരിൽ വാക്സിൻ പരീക്ഷണം നടത്തുമെന്നും എയിംസ് അറിയിച്ചു. മൂന്നാം ഘട്ടം കഴിയുന്നതോടെ പരീക്ഷണത്തിന് വിധേയരായവരിൽ വൈറസിനോട് എത്രത്തോളം പ്രതിരോധം ആർ‌ജ്ജിക്കാൻ സാധിക്കുന്നുണ്ടെന്ന് പഠിക്കുമെന്നും എയിംസ് അധികൃതർ വ്യക്തമാക്കി.

ആരോ​ഗ്യപ്രവർത്തകർക്കായിരിക്കും വാക്സിൻ പരീക്ഷണത്തിൽ മുൻ​ഗണന നൽകുക. എപ്പോഴാണ് വാക്സിൻ തയ്യാറാകുക എന്ന കാര്യത്തിൽ മുൻകൂട്ടി പറയുക അസാധ്യമാണെന്നും ഡയറക്ടർ വ്യക്തമാക്കി. വൈറസിനെക്കുറിച്ച് ഓരോ ദിവസവും കൂടുതൽ പഠനങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

Anweshanam
www.anweshanam.com