ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിനും അനുമതി നല്‍കിയേക്കും

ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനാണ് കോവാക്സീന്‍
ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിനും അനുമതി നല്‍കിയേക്കും

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സീന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയേക്കും. വിദഗ്ധസമിതിയുടെ ശുപാര്‍ശ ഡി.സി.ജി.എയ്ക്ക് കൈമാറി. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനാണ് കോവാക്സീന്‍.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി (എസ്.ഇ. സി.)യാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക്(ഡി.സി. ജി.ഐ.) ശുപാര്‍ശ നല്‍കിയത്. ഡി.സി. ജി.ഐ. അനുമതി ലഭിച്ചാല്‍ വാക്‌സിന്‍ വിതരണം തുടങ്ങാനാകും.

ഇന്നലെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ രേഖകള്‍ സമ‌ര്‍പ്പിക്കാന്‍ വിദഗദ്ധ സമിതി ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രിത ഉപയോഗത്തിന് അനുമതി നല്‍കിയത്. വാക്‌സിനുകള്‍ക്ക് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അന്തിമ അനുമതി നല്‍കുന്നതോടെ ഈ മാസം തന്നെ കുത്തിവയ്പ്പ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം കോവാക്‌സിന്റേത് തയ്യാറായിക്കഴിഞ്ഞു. വര്‍ഷം 300 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതില്‍ ആദ്യ 100 മില്യണ്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. കോവഡ് വാക്‌സിന്‍ വികസനത്തിനായി 60- 70 മില്യണ്‍ ഡോളറാണ് ഇന്ത്യ ഇതിനകം ചെലവഴിച്ചിരിക്കുന്നത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്ന വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധസമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വികസിപ്പിച്ചത്. കോവിഷീല്‍ഡിന്റെ അഞ്ചുകോടി ഡോസ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊവിഷീല്‍ഡ് സുരക്ഷിതമാണെന്നും മികച്ച പ്രതിരോധ ശേഷിയുണ്ടാക്കുമെന്നും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ദ്ധ സമിതി യോഗം വിലയിരുത്തി. അടിയന്തര അനുമതിക്ക് അപേക്ഷിച്ച ഫൈസര്‍ ഇന്ത്യ ഡേറ്റ അവതരണത്തിന് കൂടുതല്‍ സമയം തേടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com