കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ? രൂക്ഷ വിമർശനവുമായി കോടതി; ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടു

കുറ്റം എന്തെന്ന് പോലും പറയാത്ത കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിനെ 'മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍' എന്ന് മാത്രമാണ് പരാമ‌ര്‍ശിച്ചിരിക്കുന്നത്
കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ? രൂക്ഷ വിമർശനവുമായി കോടതി; ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഡീഷണല്‍ സിജെഎം കോടതി അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റംസിനെതിരെ രൂക്ഷ വിമർശനം നടത്തിയാണ് എം ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ എന്ന് കോടതി ചോദിച്ചു.

കുറ്റം എന്തെന്ന് പോലും പറയാത്ത കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിനെ 'മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍' എന്ന് മാത്രമാണ് പരാമ‌ര്‍ശിച്ചിരിക്കുന്നത്. ശിവശങ്കറിനെ പേടിയാണോ എന്നും, പ്രതി വഹിച്ചിരുന്ന ഉന്നതമായ പദവികളെന്ത് എന്ന് അറിയാഞ്ഞിട്ടാണോ എഴുതാത്തതെന്നും കോടതി ചോദിച്ചു.

''കോടതി രേഖയിലൊന്നും ശിവശങ്കറിന്‍റെ ഉന്നതമായ പദവികളെക്കുറിച്ച്‌ കസ്റ്റംസ് പറയുന്നില്ല. മാധവന്‍നായരുടെ മകന്‍ ശിവശങ്കര്‍ എന്ന് മാത്രമാണ് പറയുന്നത്. അതെന്തുകൊണ്ട്? അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിന് മറുപടി പറയണം'', കോടതി ആവശ്യപ്പെട്ടു.

കേസില്‍ മറ്റെല്ലാ ഏജന്‍സികളും നടപടികളെടുത്ത ശേഷം പതിനൊന്നാം മണിക്കൂറിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്? ഇതിന് പ്രേരിപ്പിച്ച ഘടകമെന്ത്? നിങ്ങള്‍ തന്നെയല്ലേ ശിവശങ്കറിന്‍റെ ഫോണ്‍ പിടിച്ചെടുത്തത്? - കോടതി ചോദിച്ചു.

ശിവശങ്കറിനെ എന്തിന് ചോദ്യം ചെയ്യണം എന്ന് പോലും കസ്റ്റംസ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നില്ല. പതിവ് ശൈലിയിലുള്ള കസ്റ്റഡി അപേക്ഷ മാത്രമാണിതെന്നും കോടതി പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com