കോൺഗ്രസ്-ബിജെപി സമരങ്ങൾക്ക് പിന്നിൽ കോര്‍പറേറ്റുകള്‍; സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന: കോടിയേരി

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതിനെതിരെയും കോടിയേരി തുറന്നടിച്ചു
കോൺഗ്രസ്-ബിജെപി സമരങ്ങൾക്ക് പിന്നിൽ കോര്‍പറേറ്റുകള്‍; സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന: കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോൺഗ്രസ്-ബിജെപി സമരങ്ങള്‍ക്ക് പണം ഒഴുക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നും, കോര്‍പറേറ്റുകളുടെ ഈ കടന്നുകയറ്റം കേരളത്തില്‍ അനുവദിക്കില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കില്ലെന്നാണ് ഇടത് സർക്കാർ നിലപാട്. ഇത് മനസിലാക്കി കുത്തക കമ്പനികൾ ഇടത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. കേരളത്തിന്റെ കെ ഫോൺ വഴി 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭിക്കും. റിലയൻസ് നടപ്പാക്കുന്ന പദ്ധതിക്ക് ഇത് തിരിച്ചടിയാവും. കേരള സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയിലൂടെ കേരളം പൊതുമേഖലയെ വളർത്തുന്നു. ഇത് കോർപ്പറേറ്റുകൾ ലക്ഷ്യമിട്ട രംഗമാണ്.

കോർപ്പറേറ്റുകൾക്ക് കേരളത്തിൽ കടന്നുകയറാൻ സാധിക്കാത്തത് ഇടത് സർക്കാർ ഉള്ളത് കൊണ്ടാണ്. അതുകൊണ്ട് ഇടത് സർക്കാരിനെ ഇല്ലാതാക്കുക കോർപ്പറേറ്റ് അജണ്ടയാണ്. അവർ കേരള രാഷ്ട്രീയത്തിൽ ഇടപെടുന്നു. കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾക്ക് കോർപ്പറേറ്റ് സഹായം ലഭിക്കുന്നുണ്ട്. വൻതോതിൽ മൂലധന സഹായം നൽകുന്നുണ്ട്. ഇതെല്ലാം ആസൂത്രിത സമരങ്ങളാണ്. 1957 ലെ ഇഎംഎസ് സർക്കാരിനെ അട്ടിമറിക്കാൻ സിഐഎയുടെ പണം വാങ്ങി സമരം നടത്തിയ കോൺഗ്രസാണ് ഇപ്പോൾ കോർപ്പറേറ്റുകളുമായി ചേർന്ന് ഇടത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതിനെതിരെയും കോടിയേരി തുറന്നടിച്ചു. സിബിഐ വന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. കോണ്‍ഗ്രസ് എംഎല്‍എ കത്ത് നല്‍കിയപ്പോള്‍ സിബിഐ കേസെടുത്തത് അസാധാരണ നടപടിയാണെന്നും കോടിയേരി പറഞ്ഞു.

സാധാരണ നിലയില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ റഫര്‍ ചെയ്യണം, അതല്ലെങ്കില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കണം. എന്നാല്‍ ലൈഫ് മിഷന്‍ ക്രമക്കേടില്‍ അസാധാരണമായ നടപടിയാണ് ഉണ്ടായത്. സിബിഐ മറ്റ് പല സംസ്ഥാനങ്ങളിലും ഇടപെട്ടതുപോലെ കേരളത്തിലും ഇടപെടാന്‍ ശ്രമിക്കുകയാണ്. സര്‍ക്കരിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് സിിബിഐയുടെ ഇടപെടലെന്നും കോടിയേരി പറഞ്ഞു. സിബിഐയെ കാണിച്ച്‌ സിപിഎമ്മിനെ പേടിപ്പിക്കാന്‍ ശ്രമിക്കേണ്ട കോടിയേരി പറഞ്ഞു.

യുഡിഎഫ് എംപിമാര്‍ കര്‍ഷകരെ വഞ്ചിച്ചു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആത്മാര്‍ത്ഥയില്ലാത്തത്. രാജ്യസഭയിലേതുപോലെ ലോക്‌സഭയില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനായില്ല.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി തന്നെയാണ് അന്വേഷണം ആവശ്യപ്പെട്ടത്. പക്ഷെ അന്വേഷണം എവിടെയെത്തി. ദുബായില്‍നിന്ന് സ്വര്‍ണം അയച്ചയാളെ ചോദ്യം ചെയ്യാന്‍പോലും കഴിഞ്ഞിട്ടില്ല. സ്വര്‍ണം ഏറ്റുവാങ്ങിയ ആളെയും ചോദ്യംചെയ്തിട്ടില്ല. അതിനാല്‍ മറ്റുചില പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് സിബിഐയെ ഉപയോഗിച്ച് നടത്തുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അന്വേഷണത്തിന് തങ്ങള്‍ എതിരല്ല. എന്നാല്‍ അതിന്റെ ഉദ്ദേശ്യം തുറന്നുകാണിക്കാനുള്ള ബാധ്യതയുണ്ട്. നീക്കം അസാധാരണവും രാഷ്ട്രീയ പ്രരിതമാണെന്നുമാണ് പാര്‍ട്ടി നിലപാട്.

ബിനീഷിന്റെ വിഷയത്തില്‍ നിലപാട് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. അന്വേഷണത്തില്‍ ഇടപെടില്ല. ഏത് അന്വേഷണവും നടക്കട്ടെ. കുറ്റം ചെയ്തുവെങ്കില്‍ ഏത് നടപടിയും സ്വീകരിക്കട്ടെ. ഒരന്വേഷണത്തിലും ഇടപെടില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com