കണ്ടെയിന്മെന്റ് സോണുകള്‍ ഇനി മുതല്‍ വാര്‍ഡ് അടിസ്ഥാനത്തിലല്ല; പ്രധാന ചുമതലകളെല്ലാം പോലീസിന്
Top News

കണ്ടെയിന്മെന്റ് സോണുകള്‍ ഇനി മുതല്‍ വാര്‍ഡ് അടിസ്ഥാനത്തിലല്ല; പ്രധാന ചുമതലകളെല്ലാം പോലീസിന്

കൺടെയ്ൻമെന്‍റ് സോണ്‍ മാര്‍ക്ക് ചെയ്യുക, നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തുക,രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ചുമതലകള്‍ പോലീസിന്

News Desk

News Desk

തിരുവനന്തപുരം: വാര്‍ഡുകളും ഡിവിഷനുകളും അടിസ്ഥാനമാക്കി കണ്ടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിക്ക് മാറ്റം കൊണ്ടുവരുന്നതായി അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗിയും, രോഗിയുമായി അടുത്തിടപഴകിയവരും(പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍) താമസിക്കുന്ന സ്ഥലങ്ങള്‍ അടയാളപ്പെടുത്തുമെന്നും അത് അടിസ്ഥാനമാക്കിയാകും കണ്ടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൺടെയ്ൻമെന്‍റ് സോണ്‍ മാര്‍ക്ക് ചെയ്യുക, നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ചുമതലകള്‍ പോലീസിനെ ഏല്‍പ്പിക്കും. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല നോഡല്‍ ഓഫീസറായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഐ.ജി വിജയ് സാഖറയെ നിയോഗിച്ചു. പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രോഗവ്യാപനം വര്‍ധിച്ച് ജീവഹാനി സംഭവിക്കുന്നതിനെക്കാള്‍ നല്ലത് അല്‍പ്പം പ്രയാസങ്ങള്‍ അനുഭവിക്കുന്നതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ തീരുമാനപ്രകാരം തീവ്ര നിയന്ത്രിത മേഖലകള്‍ കണ്ടെത്താനുള്ള ചുമതലയും സംസ്ഥാന പൊലീസിന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാര്‍ പൊലീസിന്റെ പ്രവര്‍ത്തണം ഏകോപിപ്പിക്കുമെന്നും തീവ്ര നിയന്ത്രിത മേഖലകളിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കാനായി പൊലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച ചട്ടലംഘനങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരവും പൂര്‍ണമായും പൊലീസിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാറന്റീനില്‍ കഴിയുന്നവര്‍ അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. അവര്‍ പുറത്തിറങ്ങിയാല്‍ കടുത്ത നടപടി സ്വീകരിക്കും. സമ്പര്‍ക്ക വിലക്ക് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാം. ചന്തകളിലും പൊതുസ്ഥലങ്ങളിലും ആളുകള്‍ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കും. ക്വാറന്റീനില്‍ കഴിയുന്നവര്‍ ആശുപത്രിയില്‍നിന്നും മറ്റും കടന്നു കളഞ്ഞാല്‍ അവരെ കണ്ടെത്തുന്നതിനുള്ള നടപടിയും ഇനി പോലീസ് ആയിരിക്കും സ്വീകരിക്കുക.

കോവിഡ് പോസിറ്റീവ് ആകുന്നവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തുന്നതിനുള്ള ചുമതലയും ഇനി പോലീസിനായിരിക്കും. അതിനുള്ള നടപടികള്‍ പോലീസ് നേരിട്ട് സ്വീകരിക്കും. പോലീസിന് ലഭിച്ചിട്ടുള്ള പരിശീലനവും അന്വേഷണ മികവും അക്കാര്യത്തില്‍ ഉപയോഗിക്കും. എസ്ഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘമാവും കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുക. നിലവില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നത്. പ്രത്യേക സാഹചര്യം പരിഗണിച്ച് ആ ചുമതല പോലീസിന് നല്‍കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 24 മണിക്കൂറിനകം കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കണമെന്നാണ് പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Anweshanam
www.anweshanam.com