വനിതാ നേതാവിന് മര്‍ദ്ദനം: കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിഡബ്ല്യു
എത്രയും പെട്ടെന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യമെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് ഡിജിപിയ്ക്ക് കത്ത് നല്‍കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ അറിയിച്ചു.
വനിതാ നേതാവിന് മര്‍ദ്ദനം: കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിഡബ്ല്യു

ലഖ്‌നോ: വനിതാ കോണ്‍ഗ്രസ് നേതാവിനെ സഹപാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിഡബ്ല്യു. എത്രയും പെട്ടെന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യമെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് ഡിജിപിയ്ക്ക് കത്ത് നല്‍കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ അറിയിച്ചു. ഇന്ന് രാവിലെയാണ് ബലാത്സംഗ പ്രതിയെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത വനിതാ കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചത്.

ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും, ഇത്തരം സംഭവങ്ങളുണ്ടായാല്‍ സ്ത്രീകള്‍ എങ്ങനെ രാഷ്ട്രീയ്ത്തിലേക്ക് വരുമെന്നും രേഖ ശര്‍മ്മ ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ഡിയോറിയ ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഡിയോറിയ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്‌കര്‍ മണി ത്രിപാദിക്ക് എതിരെയാണ് താരാ യാദവ് രംഗത്തുവന്നത്. പീഡനക്കേസ് പ്രതിക്ക് സീറ്റ് നല്‍കിയതിനെ താരാ യാദവ് ചോദ്യം ചെയ്യ്തു.ഇതെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ താരയെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചു. കോണ്‍ഗ്രസ് നേതാവ് മുകുന്ദ് മണി ഭാസ്‌കര്‍ പീഡന കേസിലെ പ്രതിയാണെന്നും അദ്ദേഹത്തിന് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത് സമൂഹത്തിന് തെറ്റായ പ്രതിച്ഛായ നല്‍കുമെന്നും താര യാദവ് മാധ്യമങ്ങളോട് പറഞ്ഞു. നേതാവ് മുകുന്ദ് മണി ഭാസ്്കറിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് താന്‍ സച്ചിന്‍ നായിക്കിനോട് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവരും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബലാത്സംഗ വീരനെ ഉപതെരഞ്ഞടുപ്പ് സ്ഥാനാര്‍ത്ഥിയാക്കുവാനുള്ള തീരുമാനം ഏറെ കോളിളക്കം സൃഷ്ടിച്ച ഹത് റസ് സംഭവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമാണ്. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും - കോണ്‍ഗ്രസ് വനിതാ നേതാവ് താരാ യാദവ് പറഞ്ഞു.

തനിക്കെതിരെയുള്ള ആക്രമണത്തില്‍ പ്രിയങ്കാ ഗാന്ധിക്ക് പരാതി നല്‍കിയിട്ടുണ്ട്. മറുപടി എന്തെന്നറിയാന്‍ കാത്തിരിക്കുകയാണ് - വനിതാ നേതാവ് കൂട്ടിചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com