
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് 'ആദരാഞ്ജലി'യുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോട് എന്ന് പാര്‍ട്ടി പത്രത്തില്‍ വന്നത് വിവാദമായതോടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവും രംഗത്തെത്തി. ചെന്നിത്തല വീക്ഷണം പ്രതിനിധികളെ വിളിച്ച് അതൃപ്തിയറിയിച്ചു.
പരിശോധിക്കാന്‍ കെപിസിസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. വീക്ഷണത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച ബഹുവര്‍ണ്ണ സപ്ലിമെന്റിലാണ് യാത്രയ്ക്ക് ആശംസയ്ക്ക് പകരം ആദരാഞ്ജലികളെന്ന് ഒന്നിലധികം തവണ അച്ചടിച്ചത്. രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്, പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള നേതാക്കളുടെ ഫോട്ടോകള്‍ക്ക് താഴെയാണ് ആദരാഞ്ജലികള്‍ എന്ന് ചേര്‍ത്തിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ പരിഹാസവുമായി ആളുകള്‍ രംഗത്തെത്തിയതോടെ നടപടിയുമായി വീക്ഷണം മാനേജ്മെന്റും രംഗത്തെത്തി. പേജ് ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ് മാറ്ററിന് അംഗീകാരം നല്കിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നതെന്നാണ് സൂചന.
സപ്ലിമെന്റ് പരസ്യം പത്രത്തിന് പുറത്ത് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനമാണ് ചെയ്തു വരുന്നത്. പിഡിഎഫ് എടുക്കുന്നതിനിടയിലാണ് ആശംസകള്‍ എന്നത് മാറ്റി ആദരാഞ്ജലികളെന്ന് ചേര്‍ത്തതെന്നാണ് വിവരം. സപ്ലിമെന്റ് പേജുകള്‍ അവിടെ നിന്ന് നേരിട്ട് പ്രസിലേക്ക് അയക്കുകയായിരുന്നു. പത്രം പ്രിന്റ് ചെയ്ത ശേഷമാണ് ചതി മനസിലായതെന്നാണ് മാനേജ്മെന്റ് വിശദീകരണം.
വീക്ഷണത്തിനെതിരെ വാര്‍ത്തകള്‍ ചോര്‍ത്തി നല്കുന്ന വ്യക്തികളുടെ സ്വാധീനത്തിലാണ് സ്വകാര്യ കമ്ബനി ഇത് ചെയ്തതെന്നും കമ്ബനിക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്തമാക്കി. അംഗീകരിച്ച് വിട്ട മാറ്ററില്‍ തിരുത്ത് വരുത്തിയ ശേഷം സ്വകാര്യ കമ്ബനി നടത്തിയ അട്ടിമറി ഗൗരവത്തോടെയാണ് കാണുന്നതെന്നും മാനേജ്മെന്റ് പറയുന്നു.