
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച സോണിയ ഗാന്ധിയെ കാണും. ശശി തരൂരും കപിൽ സിബലും യോഗത്തില്‍ പങ്കെടുക്കും. ശനിയാഴ്ച കൂടിക്കാഴ്ച നടത്താനാണ് സാധ്യത. 23 നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്.
ഇത് ആദ്യമായാണ് മാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ തയ്യാറാകുന്നത്. യോഗത്തില്‍ രാഹുല്‍ഗാന്ധിയും പങ്കെടുത്തേക്കും. രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് പിന്നാലെ കൂടിയാണ് കൂടിക്കാഴ്ച.
അനുരഞ്ജന നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച. ജ്യോതിരാദിത്യ സിന്ധ്യ ഒരുകൂട്ടം കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയിലേക്ക് പോയതിനെത്തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട കമല്‍ നാഥാണ് വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ സോണിയയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തി നേരത്തെ സോണിയയ്ക്ക് കത്തയച്ച 23 നേതാക്കള്‍ പാര്‍ട്ടിക്ക് ഊര്‍ജസ്വലമായ ഒരു മുഴുവന്‍ സമയ നേതൃത്വം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രകടനം മോശമായതോടെ പാര്‍ട്ടിയില്‍ വിമത സ്വരങ്ങള്‍ വീണ്ടും ഉയര്‍ന്നിരുന്നു. ആത്മപരിശോധന നടത്തുന്നതിനുള്ള സമയം അതിക്രമിച്ചിരുന്നുവെന്ന് തുറന്നടിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ എഴുതിയ കത്ത് പുറത്തുവന്നിരുന്നു. പാർട്ടിയുടെ അടിത്തറ മുതൽ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി പി ചിദംബരവും രംഗത്തെത്തിയിരുന്നു.