ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; എംഎല്‍എമാര്‍ ചേര്‍ന്ന് നിയമം പാസാക്കണമെന്ന് കോണ്‍ഗ്രസ്

ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെങ്കിലും എംഎല്‍എമാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്ബേഴ്‌സ് ലോഞ്ചില്‍ സമ്മേളിച്ച്‌ കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു
ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; എംഎല്‍എമാര്‍ ചേര്‍ന്ന് നിയമം പാസാക്കണമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: പ്രത്യേക നിയമസഭാസമ്മേളനം ചേരാൻ അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്. എം.എല്‍.എമാര്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

''കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭം നടക്കുകയാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണ്​ നിയമം. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച്‌ കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്. ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെങ്കിലും എം.എല്‍.എമാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്ബി മെമ്ബേഴ്‌സ് ലോഞ്ചില്‍ സമ്മേളിച്ച്‌ കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് പാര്‍ലമെന്‍റല കാര്യമന്ത്രി എ.കെ ബാലനോട് ആവശ്യപ്പെട്ടു'' -രമേശ്​ ചെന്നിത്തല പറഞ്ഞു.

ഏതു വിഷയം ചര്‍ച്ച ചെയ്യണമെന്നതും അടിയന്തര സ്വഭാവം ഉണ്ടോയെന്ന് തീരുമാനിക്കേണ്ടതും ഗവര്‍ണറല്ല മന്ത്രിസഭയാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് പ്രതികരിച്ചു. 'ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ഗവര്‍ണറുടെ ശ്രമം. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. മന്ത്രിസഭയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് ', ജോസഫ് ആരോപിച്ചു.

പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി തെറ്റാണെന്ന് കെ മുരളീധരൻ എംപി ആരോപിച്ചു. ഗവർണർ ബിജെപിയുടെ ഏജന്റായാണ് പ്രവർത്തിക്കുന്നതെന്നും കെ മുരളീധരൻ ഡൽഹിയിൽ പറഞ്ഞു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംപി രാഷ്ട്രപതിക്ക് കത്തയച്ചു.

പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് അനുമതി നിഷേധിച്ചത്. ഇതോടെ ബുധനാഴ്ച നടക്കാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി. ബുധനാഴ്ച ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ തള്ളിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com