കോവൂര്‍ കുഞ്ഞുമോന്‍ എം‌എല്‍‌എയുടെ കഴുത്തിന് പിടിച്ച്‌ തള‌ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍

തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങളൊന്നും ആവശ്യമില്ലെന്നും എംഎല്‍എയുടെ ഓഫിസ് പ്രതികരിച്ചു
കോവൂര്‍ കുഞ്ഞുമോന്‍ എം‌എല്‍‌എയുടെ കഴുത്തിന് പിടിച്ച്‌ തള‌ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍

കൊല്ലം: എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് നടക്കുകയായിരുന്ന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിനു പിടിച്ചു തള്ളി. കൊല്ലം കുന്നത്തൂരിലായിരുന്നു സംഭവം. മുഖ്യമന്ത്രിക്കൊപ്പം എംഎല്‍‌എ വേദിയിലേക്ക് പോകുമ്ബോള്‍ തിരക്ക് നിയന്ത്രിക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചുതള‌ളുകയായിരുന്നു.

തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങളൊന്നും ആവശ്യമില്ലെന്നും എംഎല്‍എയുടെ ഓഫിസ് പ്രതികരിച്ചു. തന്നെയും മുഖ്യമന്ത്രിയെയും സ്‌റ്റേജിലേക്ക് കൊണ്ടുപോകാനാണ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.

കുഞ്ഞുമോനെതിരായ നടപടിയില്‍ പ്രതിഷേധിക്കാന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരും തയ്യാറായില്ലെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ ഉല്ലാസ് കോവൂര്‍ രംഗത്തെത്തി. ഉല്ലാസ് ഫെയ്‌സ്ബുക്കിലൂടെ ചിത്രം പങ്കുവച്ചിരിക്കുകയാണ്.

ഉല്ലാസ് കോവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇന്ന് നമ്മുടെ നാട്ടില്‍ എന്റെ എതിര്‍സ്ഥാനാര്‍ത്ഥി ശ്രീ കുഞ്ഞുമോന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വെച്ച്‌ ഉണ്ടായ കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അദ്ദേഹം നോക്കിനില്‍ക്കുമ്ബോള്‍ ആണ് കുഞ്ഞുമോന്റെ കോളറിന് കുത്തിപ്പിടിച്ച്‌ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറകിലേക്ക് തള്ളിയത്.

ഇരുപത് വര്‍ഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോന്‍, ഈ നാടുമുഴുവന്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടില്‍ വെച്ച്‌ ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്. ഒരു എംഎല്‍എ എന്ന നിലയില്‍ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, എന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധി ആണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണ്. എത്രയും വേഗം എംഎല്‍എ യുടെ മേല്‍ കൈവെച്ച ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച്‌ മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com