മത്സ്യബന്ധനം ആര്‍ക്കും തീറെഴുതി നല്‍കില്ല; കുപ്രചാരണം വേണ്ടെന്ന് പ്രതിപക്ഷ നേതാവിനോട്‌ മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
മത്സ്യബന്ധനം ആര്‍ക്കും തീറെഴുതി നല്‍കില്ല; കുപ്രചാരണം വേണ്ടെന്ന് പ്രതിപക്ഷ നേതാവിനോട്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതിയിട്ടില്ല. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് കോൺഗ്രസാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. കുപ്രചാരണം നടത്തി മത്സ്യത്തൊഴിലാളികളെ സർക്കാരിനെതിരെ തിരിച്ചുവിടാമെന്ന വ്യാമോഹം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഏതെങ്കിലും സ്ഥാപനങ്ങള്‍ അങ്ങനെ ഒപ്പിട്ടിട്ടുണ്ടെങ്കില്‍ പിന്നാടാണ് അത് സര്‍ക്കാരിന്റെ പരിഗണനയില്‍ വരിക. അപ്പോഴാണ് നയപരവും നിയമപരവുമായി പരിശോധന നടത്തുക. അതിനനുസരിച്ചുള്ള തീരുമാനമാണ് എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുള്ള ഇടപെടൽ മാത്രമാണ് സർക്കാർ നടത്തിയത്. അത് തീരദേശങ്ങളിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാരിന് കൃത്യമായ നയമാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാന്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ അവയുടെ പ്രവേശനം തടയാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാനത്തിന്റെ തീരക്കടലില്‍ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള നിയന്ത്രണം ഫലപ്രദമായി നടപ്പാക്കും. കാലഹരണപ്പെടുന്ന യാനങ്ങള്‍ക്ക് പകരമായി പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കും. ഇതാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കരാറില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി ഈ മാസം 27-ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്. ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദ് ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ആഗോള കുത്തകകൾക്ക് മത്സ്യസമ്പത്ത് അടിയറവ് വെക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് സംഘടനകള്‍ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com