സിഎം രവീന്ദ്രന്റെ ആരോഗ്യനില; മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും

രവീന്ദ്രന്‍ ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുക.
സിഎം രവീന്ദ്രന്റെ ആരോഗ്യനില; മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. രവീന്ദ്രന്‍ ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുക. കഴുത്തിലും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എംആര്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

അതേസമയം, ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നങ്ങള്‍ രവീന്ദ്രനില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ വിലയിരുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗം നിര്‍ണായകമാണ്. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗവും ഇന്ന് രവീന്ദ്രനെ പരിശോധിക്കും.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി രവീന്ദ്രന്‍ ഇന്നലെ ഇഡിയ്ക്ക് കത്തയച്ചിരുന്നു. തനിക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രണ്ടാഴ്ചത്തെ സമയം നല്‍കണമെന്നും കത്തില്‍ പറയുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും രവീന്ദ്രന്‍ കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കത്തില്‍ പറയുന്നു. ഇമെയില്‍ സന്ദേശം ആണ് സിഎം രവീന്ദ്രന്‍ ഇഡിക്ക് കൈമാറിയത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സിഎം രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നിരിക്കെ ചോദ്യം ചെയ്യലില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് ഇഡിയും എന്നാണ് വിവരം.

മുന്‍പ് നവംബര്‍ ആറാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 27 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ അന്നും ഹാജരായിരുന്നില്ല. കോവിഡിനെ തുടര്‍ന്നുള്ള ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സി.എം. രവീന്ദ്രന്‍ ഇഡിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പത്താം തിയതി ഹാജരാകാന്‍ നിര്‍ദേശിച്ച് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്

Related Stories

Anweshanam അന്വേഷണം
www.anweshanam.com