ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നു; പരാതിയറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകും: മുഖ്യമന്ത്രി

അഴിമതിക്കാർക്കെതിരെ കേസെടുക്കുമെന്നത് കാപട്യമാണെന്നും അഴിമതിക്കാർ ബിജെപിയിൽ എത്തിയാൽ കേസില്ലന്നും മുഖ്യമന്ത്രി പറഞ്ഞു
ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നു; പരാതിയറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ പദ്ധതികൾ അട്ടിമറിക്കുകയാണ് ഏജൻസികളുടെ ലക്ഷ്യമെന്നും ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യങ്ങള്‍ വിശദമാക്കി പ്രധാനമന്ത്രിക്ക് കത്ത് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെ എങ്ങനെ കരിനിഴലില്‍ നിര്‍ത്താം എന്നതാണ് ഇപ്പോഴത്തെ അന്വേഷണ രീതി. പ്രതികളെ രക്ഷപെടാന്‍ അനുവദിച്ചാലും സര്‍ക്കാരിനെ അപമാനിച്ചാല്‍ മതി എന്നാണ് ഉദ്ദേശ്യം. മജിസ്ട്രേറ്റിനുമുന്നില്‍ നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയനേതാക്കള്‍ പുറത്തുവിടുന്നു. അന്വേഷണത്തിന്റെ ലക്ഷ്യങ്ങള്‍ തിരിച്ചറിയാന്‍ വലിയ വിശകലനങ്ങള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ ഭാഗമായി പീഡിപ്പിക്കുന്ന നിലപാടാണ് ഏജന്‍സികള്‍ സ്വീകരിച്ചിരിക്കുന്നത്.കേരളത്തില്‍ മേയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയില്ല. അത് സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അട്ടിമറി നീക്കം നടക്കുന്നുണ്ട്. കോടികൾ നൽകി ഭരണം അട്ടിമറിക്കുമ്പോൾ അന്വേഷണമില്ല. കേന്ദ്ര ഏജൻസികളെ കൊണ്ട് ഭരണം അട്ടിമറിച്ചതിന് നിരവധി തെളിവുകളുണ്ട്. കോൺഗ്രസ് നേതാക്കളെ ഇ.ഡി വേട്ടയാടി. അഹമ്മദ് പട്ടേൽ മുതൽ ചിദംബരം വരെ വേട്ടയാടിയവരുടെ പട്ടികയിലുണ്ട്. സോണിയാ ​ഗാന്ധി, പ്രിയങ്കാ ​ഗാന്ധി, രാഹുൽ ​ഗാന്ധി, റോബേർട്ട് വാദ്ര എന്നിങ്ങനെ പ്രതിപക്ഷ നേതാക്കളെല്ലാം കേന്ദ്ര ഏജൻസികളാൽ മുറിവേറ്റവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ബിജെപിയിൽ എത്തുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളും അവരുടെ കേസുകളും ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാർക്കെതിരെ കേസെടുക്കുമെന്നത് കാപട്യമാണെന്നും അഴിമതിക്കാർ ബിജെപിയിൽ എത്തിയാൽ കേസില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികൾ വ്യവസ്ഥാപിതമായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com