1.59 ലക്ഷം നിയമന ശുപാര്‍ശ, 44000 പുതിയ തസ്തികകള്‍ ; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
1.59 ലക്ഷം നിയമന ശുപാര്‍ശ, 44000 പുതിയ തസ്തികകള്‍ ; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിസ്റ്റിലുള്ള എല്ലാവർക്കും നിയമനം നൽകാനാവില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് വലിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സ്ഥിരപ്പെടുത്തിയവയൊന്നും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തതല്ല. ലിസ്റ്റിലുള്ളവരെ സ്ഥിരപ്പെടുത്തൽ ബാധിക്കില്ലെന്നും കുപ്രചരണം മനസിലാക്കാൻ ഉദ്യോഗാർത്ഥികൾക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിൽ നിന്ന് പിന്തിരിയണമെന്ന് ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്നുവെന്ന ഉമ്മൻചാണ്ടിയടക്കം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി രൂക്ഷ ഭാഷയില്‍ മറുപടി നല്‍കി. മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിയാണ് ഉദ്യോഗാർഥികളുടെ കാൽ പിടിക്കേണ്ടതും മുട്ടിൽ ഇഴയേണ്ടതുമെന്നും പിണറായി പറഞ്ഞു. സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി കുറച്ചത് ഉമ്മൻ ചാണ്ടി സർക്കാർ കാലത്താണ്. അന്ന് പിഎസ്സി ചെയർമാന് കത്ത് എഴുതിയതും ഉമ്മൻ ചാണ്ടിയാണ്. പ്രതിപക്ഷത്തിന്റെ അപകടകരമായ കളി ഉദ്യോഗാർത്ഥികൾ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

കക്ഷിരാഷ്ട്രീയ താൽപ്പര്യത്തിൽ കുടുങ്ങി അപകടാവസ്ഥയിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് മുന്നറിയിപ്പ് നൽകി. അർഹതയുണ്ടെങ്കിലേ തൊഴിൽ ലഭിക്കുകയുള്ളുവെന്നും റാങ്ക് ലിസ്റ്റിലുണ്ടെങ്കിൽ നിയമനം കിട്ടണമെന്ന് പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധ്യമായത് ചെയ്യുന്നതിന് സർക്കാരിന് അറച്ചു നിൽപ്പില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുൻ സർക്കാരിനേക്കാൾ ഏത് കണക്കിലും കൂടുതൽ ആണ് ഇടതു സര്‍ക്കാര്‍ ഉദ്യോര്‍ത്ഥികൾക്ക് നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ കാലത്ത് 4012 റാങ്ക് ലിസ്റ്റുകൾ പിഎസ് സി പ്രസിദ്ധീകരിച്ചു. യുഡിഎഫ് സർക്കാർ 3113 റാങ്ക് ലിസ്റ്റ് മാത്രമാണ്. പൊലീസിൽ എൽഡിഎഫ് സർക്കാർ കാലത്ത് 13825 നിയമനങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ കാലയളവിൽ 4791 നിയമനങ്ങളാണ് നടന്നത്.

എൽഡി ക്ലര്‍ക്കിൽ 19120 നിയമനം നടന്നു. മുൻ സർക്കാർ കാലത്ത് 17711 നിയമനം മാത്രം. എല്ലാവര്‍ക്കും അവസരം നൽകി. ഒഴിവുകൾ സമയബന്ധിതമായി നികത്തി, കൊവിഡ് അടക്കമുള്ള സാഹചര്യങ്ങൾ മറികടന്നാണ് മുന്നോട്ട് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 157909 നിയമന ശുപാർശ നൽകി. 27000 സ്ഥിരം തസ്തിക അടക്കം 44000 തസ്തിക ഉണ്ടാക്കി. മുൻ സർക്കാരിനേക്കാൾ ഏത് കണക്കിലും കൂടുതൽ നിയമനങ്ങളാണ് ഇടതു സര്‍ക്കാര്‍ ഉദ്യോര്‍ത്ഥികൾക്ക് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുടെ അഞ്ചിരട്ടി വരും റാങ്ക് ലിസ്റ്റ്. റാങ്ക് ലിസ്റ്റുകൾ അനന്തമായി നീട്ടില്ല. ലിസ്റ്റിലുള്ളതിനേക്കാൾ തൊഴിൽ അന്വേഷകർ പുറത്തുണ്ട്. കൂടുതൽ പേർ ഓരോ വർഷവും പരീക്ഷയെഴുതാൻ കാത്തിരിക്കുകയാണ്. പുതിയ ലിസ്റ്റുകൾ കഴിവുള്ളവരെ നിയമിക്കാൻ സഹായകമാകുമെന്നും കാലാവധി നീട്ടുന്നത് പുതിയ തലമുറക്ക് തിരിച്ചടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ കേരളത്തിലേതുപോലെ നീണ്ട കാലാവധി റാങ്ക് ലിസ്റ്റിന് നൽകാറില്ല. കരാർ നിയമനം നിർത്തിയത് എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയത് 5910 പേരെ മാത്രമാണ്. രണ്ട് വർഷമായവർ മുതൽ ഇനി നിയമിക്കാനിരിക്കുന്നവരെ വരെ സ്ഥിരപ്പെടുത്തി യുഡിഎഫ് സർക്കാർ ഉത്തരവിറക്കി. ഉൾപ്പെടുത്തലോ പുറംതള്ളലോ ഈ സർക്കാർ നടത്തിയില്ല. സ്ഥിരപ്പെടുത്തിയത് മാനദണ്ഡപ്രകാരം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗാർത്ഥികൾക്ക്‌ ഒപ്പം എന്ന് പറയുന്ന യുഡിഫിന്റെ സിവിൽ സർവീസിനോട് ഉള്ള നിലപാട് എല്ലാവർക്കും അറിയാം. യുഡിഫ് ഏകോപന സമിതിയാണ് നേരത്തെ തസ്തിക വെട്ടികുറക്കാൻ ശുപാര്ശ ചെയ്തത്. അന്ന് യുഡിഫ് കൺവീനർ ഉമ്മൻ ചാണ്ടിയാണ്. ജീവനക്കാരെയും യുവജനത്തെയും തമ്മിൽ അടിപ്പിക്കാൻ അന്ന് യുഡിഫ് ശ്രമിച്ചു. കുട്ടികളെ ആരും സൗജന്യമായി പഠിപ്പിക്കാമെന്ന ആരും കരുതേണ്ട എന്ന് വരെ ഉമ്മൻ ചാണ്ടി പറഞ്ഞു. ആ നിലപാട് ഇന്നും ഉണ്ടോ എന്ന് മറുപടി പറയണം. ജീവനക്കാരുടെ ആനുകൂല്യങ്ങൾ തകർക്കുന്ന കരിനിയമം കൊണ്ട് വന്നു യുഡിഫ് സർക്കാരാണ്. ആ കരി നിയമം മാറ്റിയത് എൽഡിഎഫ് സർക്കാരും. കോൺഗ്രസ്‌ കേന്ദ്രത്തിൽ ഭരണത്തിൽ ഉള്ളപ്പോൾ ലാസ്റ്റ് ഗ്രേഡിൽ നിയമനം പാടില്ല എന്ന് സർക്കുലർ ഇറക്കി. ഉദ്യോഗാർത്ഥികൾ ഇതെല്ലാം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com