വാളയാർ കേസ് ; സർക്കാർ കുടുംബത്തിനൊപ്പം, ആരെയും പറ്റിക്കില്ലെന്നും മുഖ്യമന്ത്രി

സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂര്‍വ ഇടപെടല്‍ നടത്തിയത്.
വാളയാർ കേസ് ; സർക്കാർ കുടുംബത്തിനൊപ്പം, ആരെയും പറ്റിക്കില്ലെന്നും മുഖ്യമന്ത്രി

വാളയാര്‍ കേസില്‍ കുട്ടികളുടെ അമ്മക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും അവര്‍ക്കൊപ്പമാണ് നമ്മളെല്ലാവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലക്ക് തനിക്കില്ല. ഒരു വര്‍ഷം മുമ്പ് അവര്‍ വന്ന് കണ്ടപ്പോഴും ഈ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് പാലിക്കാനാണ് ശ്രമിച്ചത്. പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടത്തിന് സര്‍ക്കാരാണ് മുന്‍കൈയെടുത്തത്. പ്രതികളെ വിട്ടയച്ചതിനെതിരെ 2019 ല്‍ തന്നെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.

മരിച്ച കുട്ടികളുടെ അമ്മയുടെ ഹരജികളുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ്. സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂര്‍വ ഇടപെടല്‍ നടത്തിയത്. വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസില്‍ വീണ്ടും മറ്റൊരേജന്‍സിയെ വച്ച് അന്വേഷണം സാധിക്കില്ല. എന്നാല്‍ വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി വിധി റദ്ദാക്കിയാല്‍ പുനര്‍ വിചാരണ സാധിക്കും. ഇതിനാണ് പരിശ്രമിക്കുന്നത്.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയല്ല സര്‍ക്കാര്‍ ചെയ്തത്. അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാന്‍ കാലതാമസം ഉണ്ടാകും. ഇതൊഴിവാക്കാന്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ അര്‍ജന്റ് എം ഒ ഫയല്‍ ചെയ്തു. നവംബര്‍ ഒമ്പതിന് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Related Stories

Anweshanam
www.anweshanam.com