'അവരുടെ കൈയില്‍ എന്താണുള്ളത് എന്നറിയാതെ ഒന്നും പറയാനാകില്ല'; ഇ.ഡി പരിശോധനയെ കുറിച്ച്‌ മുഖ്യമന്ത്രി

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി
'അവരുടെ കൈയില്‍ എന്താണുള്ളത് എന്നറിയാതെ ഒന്നും പറയാനാകില്ല'; ഇ.ഡി പരിശോധനയെ കുറിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മരുതംകുഴിയിലുള്ള ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഏജന്‍സിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതുമായി ബന്ധപ്പെട്ട് എന്താണ് അന്വേഷണ ഏജന്‍സിയുടെ കൈയിലുള്ളത് എന്നറിയാതെ അതുസംബന്ധിച്ച്‌ ഒന്നും പറയാന്‍ ആകില്ലെന്ന്‍ മുഖ്യമന്ത്രി പറഞ്ഞു.

'അന്വേഷണ ഏജൻസി ഇവിടെ എത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ്. അവരുടെ കൈയിൽ എന്താണ് ഉളളത് എന്ന് അറിയാത്ത ഒരു കൂട്ടർ അതിനെപറ്റി മറ്റെന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയാവില്ല. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിന് നമ്മുടെ നാട്ടിൽ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികൾ സ്വാഭാവികമായി ആ കുടുംബം സ്വീകരിക്കുകയും ചെയ്യും. അക്കാര്യത്തിൽ ഉറപ്പിച്ച് ഒന്നും പറയാനാകില്ല.'-മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം കെ ഫോൺ പദ്ധതിയെ അടക്കം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും. ഇതിനായി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചില കേന്ദ്ര ഏജൻസികൾ സര്‍ക്കാർ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാകുമോ എന്ന് കൂടി ആലോചിക്കുകയാണെന്നും പിണറായി കൂട്ടിച്ചേർത്തു

Related Stories

Anweshanam
www.anweshanam.com