കിഫ്ബിയെ തകര്‍ക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

കിഫ്ബിയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ മണ്ഡലങ്ങളില്‍ കിഫ്ബിയുടെ പദ്ധതികള്‍ ഒന്നും വേണ്ടായെന്ന് നിലപാടെടുക്കുമോയെന്ന്‍ മുഖ്യമന്ത്രി ചോദിച്ചു
കിഫ്ബിയെ തകര്‍ക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കവുമായി ആരെങ്കിലും വന്നാല്‍ നിന്നുകൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളും ആശുപത്രികളും നന്നായപ്പോള്‍ നാട് സന്തോഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടങ്ങളില്‍ അസ്വസ്ഥരാകുന്നത് വികലമായ മനസുകള്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിക്കെതിരെ ഒരു സംഘപരിവാര്‍ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നു. കെപിസിസി ഭാരവാഹി കേസ് വാദിക്കാന്‍ എത്തുന്നു. നല്ല ഐക്യം. എന്തിനുവേണ്ടിയാണ് ഇതെല്ലാം ? - കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

വിഭവ സമാഹരണത്തിന് നിലവില്‍ കിഫ്ബിയെന്ന സംവിധാനമുണ്ട്. വിപുലീകരിച്ച് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ സര്‍ക്കാരുകളും കിഫ്ബിയെ ഉപയോഗിച്ചിട്ടുണ്ട്. നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചു. കിഫ്ബി പുതിയ രീതിയില്‍ വന്നപ്പോള്‍ പരിഹസിച്ചവരുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ സ്‌കൂളുകള്‍ വരുമ്പോള്‍ ആരാണ് അസ്വസ്തരാകുന്നത്.

കേരളം എതെങ്കിലും തരത്തില്‍ നന്നാകുന്നതില്‍ പ്രതിപക്ഷനേതാവിനടക്കം വെപ്രാളമാണ്. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ എങ്ങനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. കിഫ്ബി പദ്ധതികള്‍ സ്വന്തം മണ്ഡലത്തില്‍ വേണ്ടെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കിഫ്ബിയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ മണ്ഡലങ്ങളില്‍ കിഫ്ബിയുടെ പദ്ധതികള്‍ ഒന്നും വേണ്ടായെന്ന് നിലപാടെടുക്കുമോയെന്ന്‍ മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് അടക്കം ആരോപണങ്ങളുമായി രംഗത്ത് ഉണ്ടല്ലോ? കിഫ്ബിയുടേതായ പദ്ധതികള്‍ ഞങ്ങളുടെ മണ്ഡലത്തില്‍ വേണ്ട എന്ന് തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവിനാകുമോ? സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കണ്ടത് നാടിന്റെ ആവശ്യമെന്നതാണ്. സ്‌കൂള്‍, ആശുപത്രി, റോഡ് മറ്റ് വികസന പദ്ധതികള്‍ എന്നത് അവിടുത്തെ എംഎല്‍എ ആര് എന്ന് നോക്കിയല്ല നടത്തുന്നത്. നാടിന്റെ ആവശ്യം കണ്ടറിഞ്ഞാണ് നടപ്പിലാക്കുന്നത്. എന്റെ നാടിന് ഇതൊന്നും വേണ്ട എന്ന് ഇവര്‍ക്ക് ആര്‍ക്കെങ്കിലും നിലപാടെടുക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ മഹാസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന കാലമാണിത്. പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത് എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്ന കാര്യമല്ലേ ? എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തുന്നതോടെ ഇന്റര്‍നെറ്റ് അവകാശമായി മാറുകയാണ്. അതിന് പാര പണിയണമെന്ന് ആരെങ്കിലും ചിന്തിക്കുമോ ?

ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ച മലയോര ഹൈവേയും തീരദേശ ഹൈവേയും നാടിന് മാറ്റമുണ്ടാക്കിയില്ലേ ? കേരളത്തിലാകെ നിരവധി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി. എല്ലാ വീടുകളിലും കുടിവെള്ളം എത്തുന്നതില്‍ പ്രധാന പങ്കല്ലേ കിഫ്ബി വഹിച്ചത്. വ്യവസായ പാര്‍ക്കുകള്‍ വരുന്നു. വ്യവസായ രംഗത്ത് ചൈനന്യം ഉണ്ടാവുകയും പുതിയ പദ്ധതികള്‍ വരികയും ചെയ്യുന്നു. ഇതെല്ലാം നാടിന്റെ മാറ്റമല്ലേ ? വന്‍കിട പദ്ധതികള്‍ക്കും കിഫ്ബിയുടെ ധനസ്രോതസാണ് ഉപയോഗപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com