ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ കേരളം സജ്ജം: മുഖ്യമന്ത്രി

ജനങ്ങൾ ജാ​ഗ്രത പാലിക്കണം
ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ കേരളം സജ്ജം: മുഖ്യമന്ത്രി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കൻ തമിഴ്നാട്ടിലും തുടര്‍ന്ന് കേരളത്തിലും ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ജനങ്ങൾ ജാ​ഗ്രത പാലിക്കണം. ചുഴലിക്കാറ്റ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മീൻ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മൂന്ന് മുതൽ അഞ്ച് ദിവസം വരെ ഇത് തുടർന്നേക്കാം.

നിലവിൽ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര്‍ താമസിക്കുന്നുണ്ട്. ശക്തമായ കാറ്റ് അടക്കം അസാധാരണ സാഹചര്യം ആണ് മുന്നിലുള്ളത്. അപകട സാധ്യത മുന്നിൽ കണ്ട് മുൻകരുതലെടുത്തണം. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ അടക്കം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിന് ഒപ്പം അതി തീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്. 1077 എന്ന നമ്പറിൽ തിരുവനന്തപുരം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കണ്ട്രോൾ റൂമിലേക്കും വിളിക്കാം. 24 മണിക്കൂറും കൺട്രോൾ റൂം പ്രവര്‍ത്തിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com