ബിജെപിയേയും കോണ്‍ഗ്രസിനേയും തൃപ്തിപ്പെടുത്താനല്ല കേന്ദ്ര ഏജൻസികൾ പ്രവര്‍ത്തിക്കേണ്ടത്: മുഖ്യമന്ത്രി

കിഫ്ബിക്കെതിരെ ഇഡിയെ ഇറക്കി കളിക്കുകയാണ് കേന്ദ്രധനമന്ത്രിയും ബിജെപിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ബിജെപിയേയും കോണ്‍ഗ്രസിനേയും തൃപ്തിപ്പെടുത്താനല്ല കേന്ദ്ര ഏജൻസികൾ പ്രവര്‍ത്തിക്കേണ്ടത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിൽ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസികൾ ചാടിയിറങ്ങി പുറപ്പെട്ടത് എന്തിനാണ് എന്നറിയാൻ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. ബിജെപിയേയും കോണ്‍ഗ്രസിനേയും തൃപ്തിപ്പെടുത്താനല്ല കേന്ദ്ര ഏജൻസികൾ പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രധനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തി അടിസ്ഥാന രഹിതമായ ആരോണങ്ങൾ ഉന്നയിച്ചു. പിന്നീട് അവര്‍ കിഫ്ബിക്കെതിരെ പ്രസംഗിച്ചു. അതൊന്നും ജനം മുഖവിലയ്ക്ക് എടുക്കാതിരുന്നപ്പോൾ കിഫ്ബിക്കെതിരെ ഇഡിയെ ഇറക്കി കളിക്കുകയാണ് കേന്ദ്രധനമന്ത്രിയും ബിജെപിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തിൻ്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ വളരെ മോശം പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരിൽ നിന്നുമുണ്ടായത്. മൊഴി നൽകാത്തവരെ ഭീഷണിപ്പെടുത്തി മൊഴിയെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിളിച്ചു വരുത്തി പീഡിപ്പിക്കുന്നത് രാഷ്ട്രീയ മേലാളന്മാർക്ക് വേണ്ടിയാണ്. ഇഷ്ടമുള്ള മൊഴി കിട്ടിയില്ലെങ്കിൽ ഭീഷണിപ്പെടുത്തി വഴിക്ക് കൊണ്ടു വരാനാണ് നീക്കം. ശാരീരികമായി ഉപദ്രവിക്കും എന്ന നില വരെ ഉണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് എന്തു കൊണ്ടാണ് ഈ നിലയിലൊരു വെപ്രാളം കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

മുമ്പും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് ഇത്തരത്തുലുള്ള നീക്കങ്ങളുണ്ടായതാണ്. അക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ ഭരണഘടനാ ചുമതല വഹിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാണ് ഉദ്യോഗസ്ഥര്‍. അത്തരം ഉദ്യോഗസ്ഥരെ പാര്‍ലമെന്റ് പാസാക്കിയ നിയമം നല്‍കുന്ന അധികാരം ദുര്‍വിനിയോഗം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിക്കാനാണ് ശ്രമം. രാഷ്ട്രീയ മേലാളന്മാര്‍ക്ക് ഇഷ്ടമുള്ള മൊഴിനല്‍കാത്ത ഉദ്യോഗസ്ഥരെ അപമര്യാദയായി അഭിസംബോധന ചെയ്ത് ഭീഷണിപ്പെടുത്തി തങ്ങളുടെ വഴിക്ക് കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നു. വേണ്ടിവന്നാല്‍ ശാരീരികമായിപ്പോലും ഉപദ്രവിക്കുമെന്ന ഭാവത്തോടെയാണ് പെരുമാറ്റം. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകുന്നവരെ സംരക്ഷിക്കാന്‍ നാട്ടില്‍ നിയമമുണ്ടെന്ന് ഓര്‍ക്കണം. നിയമവാഴ്ച നിലവിലുള്ള നാടാണിത്, മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയെ പിന്തുണച്ച് കൊണ്ടാണ് കേരളത്തിൽ പ്രതിപക്ഷം വിവാദങ്ങൾ ഏറ്റുപിടിക്കുന്നത്. ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയിൽ ചേരുന്ന അവസ്ഥയാണ്. വിവാദങ്ങളുടെ വ്യാപാരികളായി പ്രതിപക്ഷം മാറി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉന്നയിച്ചയാളെന്ന ബഹുമതി ചെന്നിത്തലയ്ക്കാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com