പ്രതിരോധം പാളിയെന്ന്​ പറയുന്നവർ യാഥാർഥ്യം മനസിലാക്കുന്നില്ല: മുഖ്യമന്ത്രി
Top News

പ്രതിരോധം പാളിയെന്ന്​ പറയുന്നവർ യാഥാർഥ്യം മനസിലാക്കുന്നില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത്​ മരണനിരക്ക്​ ഏറ്റവും കുറവാണ്​. 0.33 ശതമാനം മാത്രമാണ്​ കേരളത്തിലെ മരണനിരക്ക്​.

By News Desk

Published on :

തിരുവനന്തപുരം: കോവിഡ്​ വ്യാപനത്തെ സംബന്ധിച്ച പ്രതിപക്ഷ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനന്റെ മറുപടി. പ്രതിരോധം പാളിയെന്ന്​ പറയുന്നവർ യാഥാർഥ്യം മനസിലാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത്​ മരണനിരക്ക്​ ഏറ്റവും കുറവാണ്​. 0.33 ശതമാനം മാത്രമാണ്​ കേരളത്തിലെ മരണനിരക്ക്​. ഇത്​ കേരളത്തിലെ കോവിഡ്​ പ്രതിരോധത്തിലെ മികവിൻെറ ഫലമായാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധം പാളിയത്​ കൊണ്ടല്ല കേരളത്തിലെ കോവിഡ്​ രോഗികളുടെ എണ്ണം കൂടുന്നത്​. മറ്റ്​ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ കോവിഡ്​ ​പരിശോധനകൾ കൂടുതലാണെന്നും അദ്ദേഹം വ്യക്​തമാക്കി. ക്രിയാത്​മകമായ നിർദേശങ്ങളൊന്നും പ്രതിപക്ഷം ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാന സർക്കാർ പ്രവാസികൾക്ക്​ എതിരാണെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം.

ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക്​ എതിരായാണ്​ സർക്കാറെന്നാണ്​ പ്രചരിപ്പിക്കുന്നത്​. പൂന്തുറയെ​ പേരെടുത്ത്​ പറഞ്ഞതായിരുന്നു വിമർശനത്തിനുള്ള ഒരു കാരണം. എന്നാൽ, ആരോഗ്യപ്രവർത്തകരെ പൂക്കളുമായി സ്വീകരിച്ച്​ ആ പ്രദേശത്തെ ജനങ്ങൾ തന്നെ ഇത്തരം വിമർശനങ്ങളെ തള്ളികളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Anweshanam
www.anweshanam.com