മറുപടി പറയാന്‍ സമ്മതിച്ചില്ല,എന്തെല്ലാം തെറികളാണ് വിളിച്ചുപറഞ്ഞത്; പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി
Top News

മറുപടി പറയാന്‍ സമ്മതിച്ചില്ല,എന്തെല്ലാം തെറികളാണ് വിളിച്ചുപറഞ്ഞത്; പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി

നിയമസഭയില്‍ താന്‍ സംസാരിക്കാനായി സമയമെടുത്തതില്‍ പ്രതിപക്ഷത്തിനു വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു

News Desk

News Desk

തിരുവനന്തപുരം: നിയമസഭയില്‍ മറുപടി പറയാന്‍ സന്നദ്ധനായിട്ടും തന്നെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അനുവദിക്കാതെ തെറിമുദ്രാവാക്യങ്ങള്‍ വിളിക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി കൂടുതല്‍ സമയം സംസാരിച്ചു എന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയില്‍ താന്‍ സംസാരിക്കാനായി സമയമെടുത്തതില്‍ പ്രതിപക്ഷത്തിനു വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഓരോ കാര്യവും ജനങ്ങള്‍ നല്ല രീതിയിലാണ് സ്വീകരിച്ചിട്ടുള്ളതെന്നും അക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് മതിപ്പ് മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇത് സംബന്ധിച്ച ഓരോ കാര്യവും ഞാന്‍ പ്രതിപക്ഷത്തോട് എടുത്ത് ചോദിച്ചു. ചുരുക്കി പറയാനാണ് ഞാന്‍ ശ്രമിച്ചത് . പറയാനുള്ള പല കാര്യങ്ങളും വിട്ടിട്ടുണ്ട്. അപ്പോള്‍ സമയം നീണ്ടുപോകുന്നത് ശരിയല്ലല്ലോ, ഇത് അവസാനിപ്പിക്കേണ്ടതല്ലേ എന്ന് തുടങ്ങിയ 'സ്നേഹപൂര്‍വമുള്ള' അഭ്യര്‍ത്ഥനകള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വരാന്‍ തുടങ്ങി. അപ്പോള്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് പോകേണ്ടേ എന്ന് താന്‍ ചോദിച്ചു. അപ്പോള്‍ ലൈഫിന്റെ കാര്യം പറഞ്ഞില്ലല്ലോ എന്ന് അവര്‍ പറഞ്ഞു. പക്ഷെ അത് ഞാന്‍നേരത്തെ വിവരിച്ചിരുന്നു'- മുഖ്യമന്ത്രി പറയുന്നു.

എന്തു സംസ്‌കാരമാണ് അന്ന് നിയമസഭയില്‍ കണ്ടത്. എന്നില്‍ അര്‍പിതമായ ചുമതലയനുസരിച്ചാണ് ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്ന്‌ സഭയില്‍ പറഞ്ഞത്. അതിന്റെ പേരില്‍ കള്ളനെന്ന് വിളിക്കുകയാണോ വേണ്ടത്. എന്തെല്ലാം തെറികളാണ് വിളിച്ചുപറഞ്ഞത്. ഇതാണോ സംസ്‌കാരം? നാട്ടുകാരെ ഉപദേശിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതിലൊക്കെ ഒരു വിഷമവും തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com