വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസ് എടുക്കേണ്ടത്: എന്‍ പ്രശാന്തിനെതിരെ മുഖ്യമന്ത്രി

കൊച്ചിയിലെ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.
വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസ് എടുക്കേണ്ടത്: എന്‍ പ്രശാന്തിനെതിരെ മുഖ്യമന്ത്രി

കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കെഎസ്‌ഐഡിസി എംഡി എന്‍ പ്രശാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.

ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസുകാര്‍ പഠിക്കേണ്ടതെന്നും വാട്‌സാപ്പില്‍ എല്ലാവര്‍ക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

എല്ലാ ജാതിമത വിഭാഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. ഇതു കണ്ടപ്പോള്‍ കോണ്‍ഗ്രസിനും ലീഗിനും യുഡിഎഫിനും വല്ലാത്ത പേടി തോന്നി. ഇതെല്ലാം മറികടക്കാന്‍ വലിയ ഗൂഢാലോചന അരങ്ങേറി. സര്‍ക്കാര്‍ തലത്തില്‍ കാര്യങ്ങള്‍ നടത്തുന്ന പ്രത്യേക വിദഗ്ധരുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ ആദ്യം മുന്നറിയിപ്പ് നല്‍കി. അവതാരങ്ങള്‍ തന്റെ അടുത്തേക്ക് വരരുത് എന്നു പറഞ്ഞു.ഇങ്ങനെ സര്‍ക്കാരിനോട് അടുക്കാന്‍ പറ്റാതെ പിന്തള്ളപ്പെട്ട അവതാരങ്ങള്‍ ദല്ലാളിന്റെ സഹായത്തോടെ ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചനയുടെ ഭാഗമാണ് ആഴക്കടല്‍ മത്സ്യ ബന്ധന വിവാദമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലപാടുകള്‍ ആണ് പ്രധാനം താത്കാലിക ലാഭത്തിനു വേണ്ടി ഞഞ്ഞാ പിഞ്ഞാ പറയുക എല്‍ ഡി എഫ് നയമല്ല. കോട്ട് വാങ്ങിയിട്ട് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ എന്ന പേരില്‍ ചിലര്‍ വിദേശത്ത് നിന്നും വരാറുണ്ട്. അത്തരത്തില്‍ ഒരു കമ്പനി ആണ് ആഴക്കടല്‍ കരാറിനായി വന്നത്. ഈ ഗൂഢാലോചയില്‍ പ്രതിപക്ഷ നേതാവിന്റെ ചില ആളുകള്‍ പങ്കെടുത്തു.ഇപ്പോള്‍ ഉള്ളവരും മുന്‍പ് ഉണ്ടായിരുന്നവരും അതിലുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com