സര്‍ക്കാരിന്റെ പദ്ധതികള്‍ തകര്‍ക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

അന്വേഷണ ഏജൻസികൾ പൊതുവിൽ സ്വീകരിക്കേണ്ട പ്രൊഫഷണൽ മാനദണ്ഡങ്ങൾ അട്ടമറിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു
സര്‍ക്കാരിന്റെ പദ്ധതികള്‍ തകര്‍ക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ താറടിച്ച്‌ കാട്ടാനും അവയെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജൻസികൾ പൊതുവിൽ സ്വീകരിക്കേണ്ട പ്രൊഫഷണൽ മാനദണ്ഡങ്ങൾ അട്ടമറിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണെന്നും സര്‍ക്കാരിന്റെ അവകാശങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ കേന്ദ്ര ഏജന്‍സികള്‍ വഴി താറടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഈ ഇടപെടലുകളെ സ്വാഭാവികം എന്ന നിലയില്‍ കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് സംസ്ഥാനത്തിന്റെ പദ്ധതികളെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ആകാം. പക്ഷെ അത് അന്വേഷണ ഏജന്‍സികള്‍ക്ക് ആകാമോ എന്നതാണ് നമ്മുക്ക് മുന്നിലുള്ള മര്‍മ്മ പ്രധാനമായ ചോദ്യം. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും രാഷ്ട്രീയ നേതൃത്വത്തെ കരിവാരി തേയ്ക്കുകയും ചെയ്യുന്ന കൃത്യമല്ല അന്വേഷണ ഏജന്‍സികള്‍ ചെയ്യേണ്ടത്. സത്യവാചകം ചൊല്ലി ഒരാള്‍ നല്‍കുന്ന മൊഴി എങ്ങനെയാണ് ഇത്രയധികം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്?' മുഖ്യമന്ത്രി ചോദിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അതില്‍ സമഗ്രന്വേഷണമാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതിന് സംസ്ഥാനം പിന്തുണയും നല്‍കാം എന്ന് അറിയിച്ചു. അന്വേഷണം നിയപരമായ വഴിയില്‍ നീങ്ങുമെന്നാണ് കരുതിയത്. അന്വേഷണം ആദ്യഘട്ടത്തില്‍ നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ തുടര്‍ന്നുള്ള അന്വേഷണം പ്രതീക്ഷകള്‍ അസ്ഥാനത്താണ് എന്ന ചിന്ത ഉണ്ടാക്കുന്ന രീതിയിലാണ്.

അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോ എന്നതാണ് സംസ്ഥാന സര്‍ക്കാറിന് ഭയമാണ് എന്ന വ്യാപക പ്രചാരണം നടത്തുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. അന്വേഷണം ഒരു ഏജന്‍സി രഹസ്യമായി നടത്തേണ്ടതാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് കാര്യങ്ങള്‍. അന്വേഷണം എങ്ങനെ പോകും എന്നത് അന്വേഷണ ഏജന്‍സിക്ക് പുറത്തുള്ളവര്‍ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നു. മൊഴികളിലേയും മറ്റും ഭാഗങ്ങൾ ഓരോരുത്തരുടെ താല്പര്യങ്ങൾക്കനുസരിച്ച് സെലക്ടീവായി ചോർന്ന് മാധ്യമങ്ങളിൽ വരുന്ന അവസ്ഥയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മുന്‍പെങ്ങുമില്ലാത്ത വികസ പ്രവര്‍ത്തനം നടത്തുന്ന ഈ സര്‍ക്കാറിനെ തകര്‍ക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ-ഫോണ്‍ പദ്ധതിക്ക് നേരെ നടക്കുന്ന അന്വേഷണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Stories

Anweshanam
www.anweshanam.com