കൊവിഡ്: മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

പ്രോട്ടോക്കോൾ അനുസരിച്ച് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരിക്കും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുക
കൊവിഡ്: മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കൊവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കെത്തിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയും മരുമകൻ പി എ മുഹമ്മദ് റിയാസും ഇവിടെത്തന്നെയാണ് കൊവിഡ് ചികിത്സയിലുള്ളത്.

കണ്ണൂരിലെ വീട്ടില്‍ നിന്നാണ് മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആവശ്യമെങ്കില്‍ തലസ്ഥാനത്തുനിന്ന് വിദഗ്ദ്ധരെ കോഴിക്കോട്ടേക്ക് അയയ്ക്കും. മുഖ്യമന്ത്രിക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ക്വാറന്റീനില്‍ പോകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രോട്ടോക്കോൾ അനുസരിച്ച് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരിക്കും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുക. ആവശ്യമെങ്കിൽ തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കോഴിക്കോട്ടേക്ക് അയക്കുകയോ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തേക്ക് മാറ്റുകയോ ചെയ്യും.

ഇന്ന് വൈകുന്നേരത്തോടെയാണ് പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. രോഗം ബാധിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ച മുഖ്യമന്ത്രി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണയ്ക്ക് പിന്നാലെ ഭ‌‌ർത്താവ് പിഎ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗബാധ കണ്ടെത്തിയത്. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്സീൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com