
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചെത്തുകാരന്റെ മകന് എന്നതില്‍ അഭിമാനം മാത്രമാണുള്ളതെന്ന് പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ചെത്തുകാരന്റെ മകനായതില്‍ ഏതെങ്കിലും തരത്തിലുള്ള അപമാന ബോധമില്ലെന്നും തികഞ്ഞ അഭിമാനമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തന്റെ മൂത്ത ജ്യേഷ്ഠൻ ചെത്തുകാരനായിരുന്നു, രണ്ടാമത്തെ ജ്യേഷ്ഠനും ചെത്ത് തൊഴിൽ അറിയാമായിരുന്നു, പക്ഷേ പിന്നീട് ബേക്കറി തുടങ്ങി. ഇതാണ് തന്റെ കുടുംബ പശ്ചാത്തലമെന്നും ഇത് താൻ തന്നെ മുൻപും പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതൊന്നു ഏതെങ്കിലും അപമാനമായി കാണുന്നില്ല. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സുധാകരനെ അറിയാം. ചെത്തുകാരന്റെ മകന് എന്ന് കെ സുധാകരന് പറഞ്ഞത് ആക്ഷേപമായി കാണുന്നില്ല. ഞാൻ ചെത്തുകാരന്റെ മകൻ തന്നെയാണല്ലോ. അതിൽ എനിക്ക് അഭിമാനവുമാണ്. മറ്റേതെങ്കിലും ദുർവൃത്തിയിലേർപ്പെട്ട ഒരാളുടെ മകനാണെന്ന് പറഞ്ഞാൽ, അതിൽ മകന് ഉത്തരവാദിത്തമില്ലെങ്കിലും, അതൊരു ജാള്യതയായി മാറും. എന്നാൽ ചെത്തുകാരന്റെ മകൻ എനന്തിൽ എനിക്ക് ഒരുതരത്തിലുള്ള ജാള്യതയോ, അപമാനമോ തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനെ വിമര്‍ശിക്കുന്നത് കാലത്തിന് ചേരുന്നതല്ല. ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത് പൊലീസാണ്. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.