
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ തുടങ്ങും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദർശം. മൂന്ന് മാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം.
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ആശയ സ്വരൂപണത്തിന് മുഖ്യമന്ത്രി ഒരുങ്ങുന്നത്. വരുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രകടപത്രിക തയാറാക്കലിന് പൊതുസമൂഹത്തില്‍ നിന്നും മുഖ്യമന്ത്രി ആശയം തേടും.
എല്ലാം ജില്ലകളിലും എൽഡിഎഫിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ പ്രഭാതഭക്ഷണത്തോടെയാണ് പര്യടന പരിപാടി ആരംഭിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട ഇരുപത്തിയഞ്ചു പേരെയാണ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിരിക്കുന്നത്. തുടര്‍ന്ന് പത്തരയോടെ ക്ഷണിക്കപ്പെട്ട നൂറ് പേരുമായി മുഖ്യമന്ത്രി പിണറായി വിജയന് ആശയവിനിമയം നടത്തും.
വ്യവസായികള്‍, അഭിഭാഷകര്‍, സാഹിത്യകാരന്മാര്, കലാകാരന്മാര്, മാധ്യമപ്രതിനിധികള്‍ തുടങ്ങിവര്‍ സംവാദത്തില്‍ പങ്കെടുക്കും. ഇടതുമുന്നണി സര്‍ക്കാരില്‍ നിന്നുള്ള ഇനിയുള്ള മാസങ്ങളില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ത്, വരുന്ന തിരഞ്ഞെടുപ്പില്‍ എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതാവണം പ്രകടനപത്രിക തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമന്ത്രി ചോദിച്ചറിയുക. അഭിപ്രായങ്ങള്‍ എഴുതിയും നല്‍കാം.
ഉച്ചക്ക് ശേഷം പത്തനംതിട്ടയിലാണ് ആദ്യ ദിനം പര്യടനം. ഒരു ദിവസം രണ്ടു ജില്ലകളിലാണ് മുഖ്യമന്ത്രി പര്യടനം നടത്തുക. പൊതുസമ്മേളനം പര്യടനത്തില്‍ ഇല്ല.