3051 പുതിയ തസ്തികൾ സൃഷ്ടിക്കാൻ തീരുമാനം; താത്കാലികക്കാരെ കൈവിടില്ല: മുഖ്യമന്ത്രി

ര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
3051 പുതിയ തസ്തികൾ സൃഷ്ടിക്കാൻ തീരുമാനം; താത്കാലികക്കാരെ കൈവിടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കുന്ന നടപടി തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫിന്റെ നയം അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍ യാതൊരു തെറ്റുമില്ല. പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തല്‍ നടന്നത്. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആര്‍ക്കും അവിടെ നിയമനം നടത്താന്‍ സാധിക്കില്ല. അവര്‍ അത് ആഗ്രഹിച്ചിട്ടും കാര്യമില്ല. വര്‍ഷങ്ങളായി താത്കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വച്ച് സ്ഥിരപ്പെടുത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നും ചെയ്യാനില്ല. റാങ്ക് ലിസ്റ്റ് റദ്ദായി. 2021 ഡിസംബര്‍ 31 വരെയുള്ള ഒഴിവ് കണക്കാക്കിയാണ് നിയമനം നടത്തിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവര്‍ക്ക് അസരം നല്‍കേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്‌നങ്ങളെ ഉണ്ടാകൂ, അര്‍ഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സര്‍ക്കാരും എല്‍ഡിഎഫും കാണുന്നത്. ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തന്നെയാണ് നില്‍ക്കുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയാല്‍ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 3051 പുതിയ തസ്തികൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ ഈ സർക്കാർ സൃഷ്ടിച്ച സ്ഥിരം തസ്തിക 30000 കടന്നു. താല്ക്കാലിക തസ്തിക കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോ​ഗ്യവകുപ്പില്‌‍‍ 2027 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 1200 എണ്ണം ആരോ​ഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ കീഴിലും 300 തസ്തികകൾ ആയുഷ് വകുപ്പിന് കീഴിലുമാണ്. മലബാർ കാൻസർ സെന്ററിന്റഎ പ്രവർത്തനത്തിന് 33 തസ്തികകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ​ഗാസ്ട്രോഎന്ററോളജി ഡിപാർട്മെന്റ് ആരംഭിക്കും. ഇതിന് അഞ്ച് തസ്തികകൾ അനുവദിക്കുന്നുണ്ട്.

35 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് വേണ്ടി 151 പുതിയ തസ്തികകൾ സൃഷ്ടിക്കും. ഇതിനു പുറമേ 24 എച്ച്എസ്എസ്ടി ജൂനിയർ തസ്തികകൾ അപ്​ഗ്രേഡ് ചെയ്യും. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കും. 250 തടവുകാർ വരെയുള്ള ജയിലുകളിൽ കൗൺസിലറുടെ ഒരു തസ്തികയും (പരമാവധി 5 തസ്തിക) സൃഷ്ടിക്കും. പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന തവനൂർ സെൻട്രൽ ജയിലിന്റെ പ്രവർത്തനത്തിന് 161 തസ്തികകൾ സൃഷ്ടിക്കും. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായുണ്ടാകുന്ന സെൻട്രൽ ജയിലാണിത്.

വിവിധ അറബിക് എയ്ഡഡ് കോളേജുകളിൽ 54 അധ്യാപക തസ്തികകൾ സൃഷ്ടിക്കും. സർക്കാർ സം​ഗീത കോളേജുകളിൽ 14 ജൂനിയർ ലെക്ചർ. പുതിയതായി ആരംഭിച്ച സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 100 അനധ്യാപക തസ്തികകൾ. അ​ഗ്നിരക്ഷാവകുപ്പിന്റെ കീഴിൽ 65 തസ്തികകൾ സൃഷ്ടിക്കും. മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകുന്നതിന് 249 തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചു.

വനിതാ വികസന കോർപറേഷനിൽ വിരമിക്കൽ പ്രായം 58 ആക്കും. ലൈഫ് മിഷനിൽ നിർമിച്ച വീടുകൾക്ക് നാല് ലക്ഷം രൂപയുടെ ഇൻഷുറൻസ് നടപ്പാക്കും. കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com