സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പ്രദീപ് സിംഗിന് ഒന്നാം റാങ്ക്; ആദ്യ 100ൽ 10 മലയാളികള്‍

ആകെ 829 പേരെയാണ് വിവിധ നിയമനങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പ്രദീപ് സിംഗിന് ഒന്നാം റാങ്ക്; ആദ്യ 100ൽ  10 മലയാളികള്‍

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(യു പി എസ് സി) 2019 സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്രദീപ് സിംഗാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. രണ്ടാം റാങ്ക് ജസ്റ്റിന്‍ കിഷോറും മൂന്നാം റാങ്ക് പ്രതിഭാ വര്‍മയും നേടി. ആകെ 829 പേരെയാണ് വിവിധ നിയമനങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. 182 പേരെ റിസര്‍വ് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ 100 റാങ്കില്‍ ഇടംപിടിച്ചത് 10 മലയാളികള്‍. മലയാളിയായ സി എസ് ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആര്‍ ശരണ്യ-35, സഫ്‌ന നസ്‌റുദ്ദീന്‍-45, ആര്‍ ഐശ്വര്യ-47, അരുണ്‍ എസ് നായര്‍-55, എസ് പ്രിയങ്ക-68, ബി യശശ്വിനി- 71, നിഥിന്‍ കെ ബിജു-89, എ വി ദേവി നന്ദന- 92, പി പി അര്‍ച്ചന- 99 എന്നിവരാണ് ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍. റാങ്ക് പട്ടികയില്‍ ഇടം പിടിച്ചവരില്‍ 60 പേര്‍ മലയാളികളാണ്.

2019 സെപ്റ്റംബറില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയുടെയും 2020 ഫെബ്രുവരി-ആഗസ്റ്റ് മാസങ്ങളില്‍ നടന്ന പേഴ്‌സണാലിറ്റി ടെസ്റ്റിന്‍റെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തില്‍ നിയമന യോഗ്യത നേടിയവരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.

പരീക്ഷാര്‍ഥികള്‍ക്ക് https://www.upsc.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് അന്തിമഫലം അറിയാനാകും. ജനറല്‍ വിഭാഗത്തില്‍നിന്ന് 304 പേരും ഇ ഡബ്ല്യു എസ് 78, ഒ ബി സി 251, എസ് സി 129, എസ് ടി വിഭാഗത്തിലെ 67 പേരും പട്ടികയില്‍ ഇടംനേടി. 11 പരീക്ഷാര്‍ഥികളുടെ ഫലം തടഞ്ഞതായി കമ്മീഷന്‍ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com