ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ ഉന്നതരെ ചെെന നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിന് സൈബര്‍ സുരക്ഷ കോര്‍ഡിനേറ്റര്‍ നേതൃത്വം നല്‍കും- ടൈംസ് നോ റിപ്പോര്‍ട്ട്.
രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാര്‍ലമെന്റിൽ ഉന്നയിച്ച കോൺഗ്രസ് എംപി കെസി വേണുഗോപാലിന് വിദേശകാര്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുറമേ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡേ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരേയും, കുടുംബാംഗങ്ങളേയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം. ചൈനീസ് സേനയുമായും സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ.