വീണ്ടും ടിബറ്റന്‍ കുടിയൊഴിപ്പിക്കല്‍; മെയ്ഡ് ബൈ ചൈന
Top News

വീണ്ടും ടിബറ്റന്‍ കുടിയൊഴിപ്പിക്കല്‍; മെയ്ഡ് ബൈ ചൈന

ടിബറ്റില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കലിന് കൂടുതല്‍ തെളിവുകളുമായി സന്നദ്ധ സംഘടനകള്‍ രംഗത്ത്.

By News Desk

Published on :

ലണ്ടന്‍: ടിബറ്റില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കലിന് കൂടുതല്‍ തെളിവുകളുമായി സന്നദ്ധ സംഘടനകള്‍ രംഗത്ത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഫ്രീ ടിബറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. എന്‍ജിഒ സംഘടനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ടിബറ്റില്‍ ജീവിക്കാന്‍ അനുവതിക്കാതെ ചൈന അനധികൃതമായ നാടുകടത്തിയ 60 ടിബറ്റന്‍സിന്റെയും പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 24ന് നടന്ന സംഭവമാണ് എന്‍ജിഒ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടിബറ്റിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവരെയാണ് നാടുകടത്തിയതെന്ന് സംഘടനകള്‍ അറിയിച്ചു. കിഴക്കന്‍ ടിബറ്റിലെ പായോള്‍ കൗണ്ടിയിലെ ഡോലിംഗ് ഗ്രാമത്തില്‍ നിന്നാണ് കൂടുതല്‍ പേരേയും ചൈനീസ് സൈന്യം ഇറക്കിവിട്ടത്. ഒപ്പം എല്ലാ കെട്ടിടങ്ങളുടെ മുകളിലും ചൈനയുടെ പതാകയും നാട്ടിയതായി ആരോപണമുണ്ട്. ഗ്രാമത്തിലെ വീടുകളിലെല്ലാം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റേയും മറ്റ് നേതാക്കളുടേയും ചിത്രങ്ങളും തൂക്കി.

2018-19 വര്‍ഷത്തില്‍ 400 ടിബറ്റന്‍ കുടുംബങ്ങളെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ക്രൂരപീഡനത്തിലൂടെ ഗ്രാമത്തില്‍ നിന്നും ഇറക്കിവിട്ടിരുന്നു. ടിബറ്റിന്റെ സ്വയംഭരണ പ്രദേശത്തേക്ക് പൊയ്ക്കോളാനായിരുന്നു നിര്‍ദ്ദേശം. സുപ്രധാനമായ 3 നഗരങ്ങളില്‍ നിന്നായി 2693 പേരെയാണ് 2019നകം പേമാ പട്ടണത്തിലേയ്ക്ക് നാടുകടത്തിയത്.

1950ലെ ചൈനീസ് ഭരണകൂടമാണ് അപ്രതീക്ഷിത ആക്രമത്തിലൂടെ ടിബറ്റന്‍ സമൂഹത്തിന്റെ ഭൂമി കയ്യടക്കിയത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നതും വന്‍ തോതില്‍ പ്രകൃതി സമ്പത്തുള്ളതുമായ പ്രദേശമാണ് ടിബറ്റ്. ഈ പ്രത്യേകതയാണ് ചൈനയെ ആകര്‍ഷിച്ചത്. അന്നുമുതല്‍ ടിബറ്റ് പൂര്‍ണ്ണമായും ചൈനയുടെ ഭാഗമാണെന്ന അവകാശവാദമാണ് ചൈന ഉന്നയിക്കുന്നത്.

Anweshanam
www.anweshanam.com