അരുണാചലിൽ 5 ഇന്ത്യക്കാരെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയി
Top News

അരുണാചലിൽ 5 ഇന്ത്യക്കാരെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയി

കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

News Desk

News Desk

ന്യൂഡൽഹി: ഇന്ത്യക്കാരായ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് എംഎൽഎ. അരുണാചൽ പ്രദേശിൽ സുബൻസിരി ജില്ലയിലെ ഗോത്രവർഗക്കാരെയാണ് പീപ്പിൾ ലിബറേഷൻ ആർമി പിടിച്ചു കൊണ്ടുപോയതെന്ന് എംഎൽഎയായ നിനോങ് എറിങ് ട്വീറ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ നിനോങ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ എന്നാണ് തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ചൈനയ്ക്കും സൈന്യത്തിനും ഉചിതമായ മറുപടി നൽകണമെന്ന് കോൺഗ്രസ് എം‌എൽ‌എ ആവശ്യപ്പെട്ടു. അപ്പർ സുബൻസിരി ജില്ലയിലെ മക്മഹോൻ രേഖയ്ക്ക് അടുത്തുളള അസപില സെക്ടറിൽനിന്ന് മാർച്ച് 1ന് 21കാരനായ യുവാവിനെയാണ് പീപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയിരുന്നതായും എംഎൽഎ വ്യക്തമാക്കി.

കിഴക്കൻ ലഡാക്കിലെ പാംഗോങ്, ചുഷൂൽ പ്രദേശങ്ങളിൽ ഇന്ത്യയുടെ കുന്നുകൾ പിടിച്ചെടുക്കാൻ ചൈനീസ് സൈന്യം കഴിഞ്ഞ ആഴ്ച വീണ്ടും ശ്രമം നടത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് എംഎൽഎയുടെ ആരോപണം. ജൂൺ 15നു നടന്ന ഗൽവാൻ ഏറ്റുമുട്ടലിനു പിന്നാലെ അരുണാചൽ അതിർത്തിയിൽ ഇന്ത്യ സേനാസാന്നിധ്യം വർധിപ്പിച്ചതായി കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു.

Anweshanam
www.anweshanam.com