സൗജന്യ കിറ്റ് നാല് മാസം കൂടി; പെൻഷൻ കൂട്ടി; വൻ പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇരട്ടിയിലിധികം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനായി. ഭക്ഷ്യക്കിറ്റ് വിതരണത്തിനടക്കം വലിയ പിന്തുണയാണ് ലഭിച്ചത്
സൗജന്യ കിറ്റ് നാല് മാസം കൂടി; പെൻഷൻ കൂട്ടി; വൻ പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വൻ പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 100 ദിന കര്‍മപരിപാടി സംസ്ഥാനത്ത് അനന്യമായ ക്ഷേമ വികസന മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉടൻ 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. അതോടൊപ്പം 5,700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച്‌ ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇരട്ടിയിലിധികം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനായി. ഭക്ഷ്യക്കിറ്റ് വിതരണത്തിനടക്കം വലിയ പിന്തുണയാണ് ലഭിച്ചത്. സംസ്ഥാനം നടപ്പാക്കിയ കാര്‍ഷിക പരിപാടികള്‍ ശ്രദ്ധേയമാണ്. മഹാമാരിയുടെ കാലത്ത് കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടന്നിരുന്നില്ല. കാര്‍ഷിക ഉത്പ‌നങ്ങള്‍ക്ക് തറവില പ്രഖ്യാപിക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യകിറ്റ് നാല് മാസം കൂടി വിതരണം ചെയ്യും. കെ. ഫോണ്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. 35,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. ഒമ്ബത് വ്യവസായ പദ്ധതികള്‍ പുതുതായി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു

വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും വലിയ അളവില്‍ കഴിഞ്ഞു. അതില്‍ ഉണ്ടായ നേട്ടം സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വരുമാന വളര്‍ച്ചയിലുണ്ടാകുന്ന ഇടിവ് ദേശീയ ശരാശരിയേക്കാള്‍ താഴ്ന്നതായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലിലൂടെയാണ് സാധിക്കുന്നത്. ഈ പ്രവണതയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഒരു കുതിച്ചുകയറ്റം കൂടി ലക്ഷ്യമിട്ട് രണ്ടാം 100 ദിന പരിപാടിയിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com