സാംസ്കാരിക പരിപാടികള്‍ക്ക് അനുമതി, കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പരിപാടിക്ക് എത്തുന്ന കലാകാരന്മാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
സാംസ്കാരിക പരിപാടികള്‍ക്ക് അനുമതി, കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അതാത് പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇതിന് അനുമതി നല്‍കാതിരിക്കാം.

പരിപാടിക്ക് എത്തുന്ന കലാകാരന്മാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മേക്കപ്പുകള്‍ കഴിവതും വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഓഡിറ്റോറിയങ്ങളില്‍ പരമാവധി 200 പേരെ മാത്രമെ അനുവദിക്കു. തുറസായ സ്ഥലങ്ങളില്‍ ആറടി അകലം പാലിച്ചു മാത്രമെ കാണികളെ ഇരുത്താവൂവെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

മാസ്കോ ഫെയ്സ് ഷീൽഡോ നിർബന്ധമായും ധരിക്കണം. വേദിയും സദസും പരിപാടിക്ക് മുൻപ് അണുവിമുക്തമാക്കണം. പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും നിർബന്ധമായും സാനിറ്റൈസർ കരുതണം. ഉപയോഗിച്ച മാസ്കുകൾ ഉപേക്ഷിക്കുന്നതിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം. തുപ്പുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണം.

ഒരു തരത്തിലുള്ള ജോലിയിലും ഗർഭിണികളും പ്രായമായവരും ചികിത്സയിലിരിക്കുന്ന രോഗികളും പാടില്ല. കോവിഡിനെ കുറിച്ച് സംഘടാകർ ജീവനക്കാർക്ക് പരിശീലനം നൽകണം. പരിപാടിയുടെ അവതാരകർ കൊവിഡ് നെഗറ്റീവ് ഫലം കൈയ്യിൽ കരുതണം. കലാകാരന്മാരും കലാകാരികളും സദാസമയവും മാസ്ക് ധരിക്കണം. ഗ്രീൻ റൂമുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. മേക്കപ്പും വസ്ത്രധാരണവും വീടുകളിൽ തന്നെ ചെയ്യാൻ ശ്രമിക്കണം. പരിപാടി അവതരിപ്പിക്കുന്നവർക്ക് വേണ്ടിയുള്ള ശുചിമുറികൾ വൃത്തിയുള്ളതായിരിക്കണം,.

എല്ലാ സന്ദർശകർക്കും പ്രവേശന കവാടത്തിൽ തെർമൽ സ്ക്രീനിങ് നടത്തണം. ലക്ഷണം ഇല്ലാത്തവർക്ക് മാത്രമേ പ്രവേശനം നൽകാവൂ. ക്യൂ നിൽക്കാൻ ഇടം കൃത്യമായി മാർക്ക് ചെയ്യണം. പരിപാടി കഴിഞ്ഞാൽ സന്ദർശകർ വരിയായി മടങ്ങുന്നതിന് അവസരം ഉണ്ടാവണം. പരിപാടി അവതരിപ്പിക്കുന്നവർ ഭക്ഷണം കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കണം. ഇവർ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ശാരീരിക അകലം പാലിക്കണം. ലഘു ഭക്ഷണശാലകളിൽ ആൾക്കൂട്ടം പാടില്ല. അകലം പാലിക്കണം. ഓഡിറ്റോറിയത്തിന് അകത്ത് ഭക്ഷണവും പാനീയവും അനുവദിക്കരുത്. ടിക്കറ്റിന് ഡിജിറ്റൽ മാർഗങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണം. ഉപഭോക്താക്കളെ ബന്ധപ്പെടേണ്ട നമ്പർ ശേഖരിക്കണം തുടങ്ങിയ കാര്യങ്ങള്‍ മാർഗനിർദ്ദേശത്തില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com