നീറ്റ് ജെഇഇ പരീക്ഷ: കേന്ദ്രം മുന്നോട്ട്
Top News

നീറ്റ് ജെഇഇ പരീക്ഷ: കേന്ദ്രം മുന്നോട്ട്

നീറ്റ് - ജെഇഇ പരീക്ഷകള്‍ നടത്താനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ജെഇഇ പരീക്ഷയുടെ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചു.

News Desk

News Desk

ന്യൂഡെല്‍ഹി: നീറ്റ് - ജെഇഇ പരീക്ഷകള്‍ നടത്താനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ജെഇഇ പരീക്ഷയുടെ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 660 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പത്ത് ലക്ഷം മാസ്‌കുകള്‍, ഇരുപത് ലക്ഷം കൈയുറകള്‍, 1300 തെര്‍മല്‍ സ്‌കാനറുകള്‍, 6600 ലിറ്റര്‍ സാനിറ്റൈസര്‍ ഉള്‍പ്പടെ സജ്ജമാക്കിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ.

അതേസമയം, കൊറോണ കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിച്ചേക്കും. കൊവിഡ് രോഗവ്യാപനം പ്രതിദിനം എഴുപതിനായിരത്തിന് മുകളില്‍ തുടരുമ്പോള്‍ പല സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്. അതിനിടയില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. മാത്രമല്ല, കൊവിഡ് വ്യാപനത്തിനും ഇത് കാരണമായേക്കാമെന്നും സംസ്ഥാനങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാമാരി പടരുന്നുവെന്ന കാരണത്താല്‍ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തില്‍ സ്തംഭിപ്പിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവ്. ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

Anweshanam
www.anweshanam.com