
ന്യൂ ഡല്‍ഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് കേന്ദ്രസർക്കാർ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തി റിപ്പോർട്ട് നല്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.
രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുൾപ്പെടെ 10,000 ഇന്ത്യക്കാരെ ചൈനീസ് സര്‍ക്കാരുമായി അടുപ്പമുള്ള ഷെന്‍സെന്‍ ഡേറ്റ ടെക്നോളജി എന്ന സ്ഥാപനം നിരീക്ഷിക്കുന്നുവെന്ന് ഒരു ദേശീയ മാധ്യമമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, കേന്ദ്രമന്ത്രിമാര്‍, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമപ്രവർത്തകര്‍, വ്യവസായികൾ എന്നിവര്‍ക്കൊപ്പം സ്റ്റാർട്ടപ്പ് ഉൾപ്പടെ നിരവധി ഇന്ത്യൻ സംരംഭങ്ങളും ചൈനീസ് നിരീക്ഷണത്തിലാണ്. പ്രധാനമായും സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് നിരീക്ഷണം.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചൈനീസ് ഐടി വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഷെന്‍സെന്‍ ഡേറ്റ ടെക്നോളജിയുടെ വെബ്സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെയും ഡേറ്റ മേല്‍നോട്ടം കമ്പനിക്കാണെന്നും അവകാശപ്പെടുന്നു.