വാക്‌സിന്‍ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്; നീതി ഉറപ്പാക്കണമെന്ന് പിണറായി വിജയന്‍

18 മുതൽ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
വാക്‌സിന്‍ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്; നീതി ഉറപ്പാക്കണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. 18 മുതൽ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് ലഭിച്ച വാക്‌സിന്‍ മുഴുവന്‍ നല്ല രീതിയില്‍ ഉപയോഗിച്ചു. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്ന കാര്യത്തെക്കുറിച്ചുള്ള മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്. നല്ല രീതിയില്‍ ആ വാക്‌സിന്‍ മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്‌സിന്‍ വയലിനകത്തും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് പോലും നമ്മള്‍ പാഴാക്കിയില്ല. ശ്രദ്ധിച്ച് ഉപയോഗിച്ചതുകൊണ്ട് 74,24,166 ഡോസ് വാക്‌സിന്‍ നല്‍കാനായി. കേന്ദ്രസർക്കാർ തന്നതിൽ കൂടുതൽ ഇതിനോടകം ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെ വാക്സീൻ വിതരണം ചെയ്യാനായത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനുകള്‍ ലഭിക്കുന്നില്ല എന്നാതാണ് നിലവില്‍ നേരിടുന്ന പ്രശ്‌നം. ഒന്നുകില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ രാജ്യത്തെ വാക്‌സിന്‍ വിതരണം ഉറപ്പുവരുത്തുകയെങ്കിലും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. രോഗം ഇത്തരത്തില്‍ വ്യാപിക്കുന്ന സമയത്ത് പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുക എന്നത് അനിവാര്യമാണ്. എല്ലാ വാക്‌സിനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരുതരത്തിലും ശരിയായ നടപടിയല്ല. 18 വയസ്സുമുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com