യു.കെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

വിമാനത്താവളത്തിലെ ടെസ്റ്റില്‍ കോവിഡ് പോസിറ്റിവാകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും നിര്‍ബന്ധമാക്കി
യു.കെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ യുകെയില്‍ നിന്നെത്തുന്നവര്‍ക്കായി ആര്‍ടിപിസിആര്‍ ടെസ്റ്റും കോവിഡ് പോസിറ്റിവാകുന്നവര്‍ക്ക് പ്രത്യേക ഐസലോഷന്‍ സജ്ജമാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം. വിമാനത്താവളത്തിലെ ടെസ്റ്റില്‍ കോവിഡ് പോസിറ്റിവാകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും നിര്‍ബന്ധമാക്കി.

നവംബർ 25 മുതൽ ഡിസംബർ 8 വരെയുള്ള തിയതികളിൽ വന്നവർ ജില്ലാ സർവെലൻസ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം പറഞ്ഞു.

അതേസമയം, ഡിസംബർ 23 മുതൽ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. യുകെയിൽ കൊറോണയുടെ പുതിയ സ്ട്രെയ്ൻ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. നിലവിലുള്ള വൈറസിനേക്കാൾ ഇരട്ടി ശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്. കാനഡ, ജർമനി, ഫ്രാൻസ്, നെതർലാൻഡ്സ്, ബെൽജിയം, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളും യുകെ വിമാനങ്ങൾക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക ഐസലോഷനിലേക്ക് മാറ്റിയിട്ടുള്ളവരുടെ സ്രവസാമ്ബിളുകള്‍ ലണ്ടന്‍ വകഭേദമാണോ എന്ന് കണ്ടെത്താന്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

1. ഇംഗ്ലണ്ടില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും യാത്ര വിവരം രേഖപ്പെടുത്തണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കുകയും വേണം.

2. ഇവരെ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണം. അതാത് സംസ്ഥാന സര്‍ക്കാരുകള്‍ വേണം ഇത് നടപ്പാക്കാന്‍.

3. പോസിറ്റീവ് ആകുന്നവരുടെ സാമ്ബിളുകള്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിനായി പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയക്കണം.

4. വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേക ഐസലോഷന്‍ വാര്‍ഡുകളിലേക്ക് ഇവരെ മാറ്റണം.

5. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളെ കുറിച്ച്‌ ചെക്ക് ഇന്‍ ചെയ്യുന്നതിന് മുമ്ബ് തന്നെ യാത്രക്കാര്‍ക്ക് എയര്‍ലൈനുകള്‍ വിവരം നല്‍കണം.

ഡിസംബര്‍ 21 മുതല്‍ 23 വരെ രാജ്യത്തെത്തുന്നവരാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com